ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ
text_fieldsറോബർടോ കാർലോസ്
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ. പതിവ് പരിശോധനക്കിടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് റിയോഡി ജനീറോയിലെ ആശുപത്രിയിൽ മുൻ ഫുട്ബാൾ താരത്തിന് അടിന്തര ശസ്ത്രക്രിയ നടത്തിയത്. ബ്രസീൽ ലോകകപ്പ് ചാമ്പ്യൻ ടീം അംഗവും മുൻ റയൽമഡ്രിഡ് താരവുമായ റോബർടോ കാർലോസ് അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയപ്പോഴായിരുന്നു ഹൃദ്രോഗം തിരിച്ചറിഞ്ഞതും, ചികിത്സ ആരംഭിച്ചതും.
പതിവ് പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോൾ കാലിൽ രക്തം കട്ടപിടിച്ചത് കണ്ടെത്തിയതോടെ ഫുൾ ബോഡി എം.ആർ.ഐക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ഹൃദയത്തിന് ഗുരുതര പ്രശ്നം കണ്ടെത്തിയത്. തുടർന്ന് ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച് കാർഡിയാക് കത്തീറ്ററൈസേഷന് വിധേയമാക്കി. 40 മിനിറ്റ് മാത്രം ആവശ്യമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ മൂന്ന് മണിക്കൂർ സമയമെടുത്തതായി സ്പാനിഷ് മാധ്യമം ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്തു.
താരം അപകടനില തരണം ചെയ്തത്, സുഖം പ്രാപിക്കുന്നതായും, അടുത്ത 48 മണിക്കൂർ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുമെന്നും അറിയിച്ചു.
1990 മുതൽ 2016ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഡൽഹി ഡൈനാമോസ് വരെ നീണ്ടു നിന്ന ക്ലബ്, ദേശീയ ടീം കരിയറിലൂടെ ലോകമെങ്ങും ഫുട്ബാൾ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ലെഫ്റ്റ് ബാക്കാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീം അംഗമായിരുന്നു. പത്തുവർഷത്തോളം നീണ്ടു നിന്ന റയൽ മഡ്രിഡ് കരിയറിലൂടെ ഇതിഹാസതാരങ്ങളുടെ പട്ടികയിലും ഇടം നേടി. ആക്രമിച്ചു കളിക്കാനും ഗോളടിക്കാനും ശേഷിയുള്ള പ്രതിരോധ നിരതാരമായിരുന്നു കാർലോസ്. ബ്രസീലിനായി 125 മത്സരങ്ങളിൽ പന്തുതട്ടി. 2002ൽ ലോകകിരീടം നേടിയ ബ്രസീൽ ടീമിലും, 1998ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു.
1997ൽ ഫ്രാൻസിനെതിരായ മത്സരത്തിനിടെ 35 വാര അകലെ നിന്നും ഇടംകാലിൽ തൊടുത്തുവിട്ട ബനാന ഫ്രീകിക്ക് ഗോൾ ഇന്നും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ ഓർമയിലെ തിളക്കമേറിയ നിമിഷമാണ്.
2012 റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബാൾ അവസാനിപ്പിച്ചതിനു പിന്നാലെ 2015ലാണ് കാർലോസ് ഇന്ത്യൻ ഫുട്ബാൾ ആരാധകർക്കു മുമ്പാകെ മാന്ത്രിക ടച്ചുമായി അവതരിക്കുന്നത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരവും കോച്ചുമായി ഒരു സീസണിൽ താരം നിറഞ്ഞു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

