ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി, ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുമോ?
text_fieldsസാവോ പോളോ (ബ്രസീൽ): ബാല്യകാല ക്ലബായ സാന്റോസിനെ ബ്രീസിൽ ലീഗിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ആർത്രോസ്കോപിക് ശസ്ത്രക്രിയ നടത്തിയത്. 2023ൽ ദോഹയിലെ അസ്‌പെതർ ആശുപത്രിയിൽ നെയ്മറിന്‍റെ കണങ്കാൽ ശസ്ത്രക്രിയ നടത്തിയതും റോഡ്രിഗോയുടെ നേതൃത്വത്തിലായിരുന്നു.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ 2026 ബ്രസീൽ ലോകകപ്പ് സ്ക്വാഡിലേക്ക് താരത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫിറ്റ്നസ് വീണ്ടെടുത്താൽ നെയ്മറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. ബ്രസീൽ സീരീ എയിൽ താരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന സാന്‍റോസിനായി അവസാന മത്സരങ്ങളിൽ കൽമുട്ടിലെ പരിക്ക് വകവെക്കാതെയാണ് താരം കളത്തിലിറങ്ങിയത്. വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടിയപ്പോൾ ടീം 47 പോയന്റോടെ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന നാല് മത്സരങ്ങളിൽ നിന്നായി നെയ്മർ അഞ്ച് ഗോളുകളാണ് നേടിയത്.
സീസണിലെ അവസാന ലീഗ് മത്സരത്തിൽ ക്രുസെയ്റോയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാന്‍റോസ് വീഴ്ത്തിയത്. 20 ടീമുകളടങ്ങുന്ന ലീഗിൽ തുടർ തോൽവികളോടെ താഴെ തട്ടിലായിരുന്നു സാന്റോസ്. 2023ന് ശേഷം ഒരിക്കൽക്കൂടി ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മർ കളത്തിലിറങ്ങിയത്. ശസ്ത്രക്രിയ നടത്താതെ കളിക്കാനിറങ്ങരുതെന്ന് ഡോക്ടർമാർ താരത്തിന് കർശന നിർദേശം നൽകിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം എത്ര കാലം വിശ്രമം വേണ്ടിവരുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
സൗദി പ്രോ ലീഗ് ക്ലബ് അൽ -ഹിലാലിൽനിന്ന് കഴിഞ്ഞ ജനുവരിയിലാണ് നെയ്മർ ബാല്യകാല ക്ലബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. സൗദി ക്ലബിനൊപ്പം 18 മാസം ഉണ്ടായിരുന്നെങ്കിലും പരിക്കു കാരണം ഏഴു മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കാനിറങ്ങിയത്. സാന്‍റോസുമായുള്ള കരാർ ഡിസംബർ അവസാനം അവസാനിക്കുകയാണ്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കൂടാതെ, താരം യൂറോപ്പിലേക്ക് തന്നെ മടങ്ങുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
മുൻ ബാഴ്സലോണ-പി.എസ്.ജി താരമായ നെയ്മർ, ബ്രസീലിന്‍റെ ഗോൾ വേട്ടക്കാരിൽ ഒന്നാമനാണ്. 128 മത്സരങ്ങളിൽനിന്ന് 79 ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്. രണ്ടു വർഷം മുമ്പാണ് താരം അവസാനമായി ദേശീയ ടീമിനുവേണ്ടി കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

