നന്ദി സാംബാ; വീണ്ടും വരിക, ചരിത്ര പോരാട്ടം കണ്ട് കൊൽക്കത്ത; ഇന്ത്യൻ വലയിൽ നാലടിച്ച് ബ്രസീൽ
text_fieldsകൊൽക്കത്ത: ഭീമാകാരനായ ഗോലിയാത്തും, കുഞ്ഞനായ ദാവീദും തമ്മിലെ അങ്കം പോലൊരു ഫുട്ബാൾ പോരാട്ടത്തിനായി മനസ്സ് പാകപ്പെടുത്തി സാൾട്ട് ലേക്കിലെത്തിയ കാണികൾക്ക് ആ 90 മിനിറ്റും അവിശ്വസനീയതയുടേതായിരുന്നു.
ഇന്ത്യൻ വലയിൽ ഗോൾമഴ പ്രതീക്ഷിച്ച ആരാധകർ കണ്ടത് ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരും അഞ്ചു തവണ ലോകജേതാക്കളുമായ ബ്രസീലിനെതിരെ 138ാം റാങ്കുകാരായ ഇന്ത്യയുടെ ഉജ്ജ്വലമായ ചെറുത്തു നിൽപ്. സ്കോർ ബോർഡിലെ ഗോളെണ്ണത്തിൽ ഇന്ത്യ 4-0ത്തിന് തോറ്റുവെങ്കിലും, ആരാധക മനസ്സിൽ ഖാലിദ് ജമീലിന്റെ ബ്ലൂ ടൈഗേർസ് വിജയിച്ച പോരാട്ടം.
ആരാധകർ നിറഞ്ഞ സാൾട്ട് ലേക്കിനെ സാക്ഷിയാക്കി നടന്ന പോരാട്ടത്തിൽ എസ്റ്റിവോ (28ാം മിനിറ്റ്), പെഡ്രോ ഗ്വിയേർമെ (42), സാമുവേൽ ലിനോ (58, 95), എന്നിവരാണ് ബ്രസീലിനായി ഗോളടിച്ചത്. എതിരാളിയുടെ ദൗർബല്യത്തെ അറിഞ്ഞുകൊണ്ട്, കൂടുതൽ ആക്രമിക്കാതെ കരുതലോടെയായിരുന്നു ബ്രസീലുകാർ കൊൽക്കത്തയിൽ സാംബാം നൃത്തമാടിയത്.
സഹലും ആഷിഖും പിന്നെ വിനീഷ്യസും
സ്വപ്നമോ, സത്യമോ എന്ന ഞെട്ടൽ ഓരോ മുഖത്തും പ്രകടമായിരുന്നു. കിക്കോഫ് വിസിലിന് രണ്ടും മൂന്നും മണിക്കൂർ മുമ്പേ ഗാലറിയിൽ ഇടംപിടിച്ച ആരാധകർ, വാംഅപ്പ് സെഷൻ മുതൽ ഇഷ്ടതാരങ്ങളെ കണ്ണുനിറയെ കണ്ടുതീർക്കുകയായിരുന്നു. ഒടുവിൽ െപ്ലയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ആഘോഷം ആകാശത്തോളം ഉയരെ. ബ്രസീൽ നിരയിൽ വിനീഷ്യസ് ജൂനിയർ, എസ്റ്റീവോ, പെഡ്രോ, ആൻഡ്രി സാന്റോസ്, ഡാനിലോ സാന്റോസ്, ഗബ്രിയേൽ ബോന്റെംപോ, മാർക്വിനോസ്, ഡയസ്, മത്യൂസിനോ, ഡഗ്ലസ് സാന്റോസ്, അരങ്ങേറ്റക്കാരൻ ഗോളി പെഡ്രോ മോറിസ്കോ.
ഇവരെ നേരിടാനുള്ള ഇന്ത്യൻ നിരയിൽ സഹൽ, ആഷിഖ്, ബിജോയ് വർഗീസ് എന്നീ മലയാളി താരങ്ങളും, പടനയിക്കാൻ റ്യാൻ വില്യംസണും മൻവീർ സിങ്ങും. പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റ് മുതൽ വിനീഷ്യസും മാർക്വിനോസും സഹലും ആഷിഖുമെല്ലാം ഒന്നിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കും അവിശ്വസനീയ കാഴ്ചയായി.
ആദ്യ 28 മിനിറ്റിൽ ശ്രദ്ധേയമായിരുന്നു ഇന്ത്യയുടെ പ്രകടനം. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന്റെ വലുപ്പത്തെ ഭയക്കാതെ പ്രതിരോധവും ആക്രമണവുമായി പന്ത് പിടിച്ചുള്ള മിനിറ്റുകൾ. കളത്തിലുള്ള വിനീഷ്യസ്, മാർക്വിനോസ്, എസ്റ്റീവോ, പെഡ്രോ ഉൾപ്പെടെ ലോകതാരങ്ങളുടെ കരുത്തും പ്രതിഭയും ഭയക്കാതെ തോളോടുതോൾ ചേർന്നു തന്നെ സഹൽ അബ്ദുൽ സമദും ബിജോയ് വർഗീസും ആഷിഖ് കുരുണിയും ഉൾപ്പെടെ താരങ്ങൾ കളിച്ചു. അഞ്ചാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ രണ്ട് കോർണറുകളാണ് വിൻ ചെയ്തത്. 15ാം മിനിറ്റിൽ മാർക്വിനോസിനെ കടന്ന മൻവീർ ബ്രസീൽ ബോക്സിലേക്ക് ഓടിക്കയറുന്നതിനും സാക്ഷ്യം വഹിച്ചു. ഒടുവിൽ 29ാം മിനിറ്റിലാണ് ആദ്യഗോളെത്തുന്നത്. വിനീഷ്യസിന്റെ പല മുന്നേറ്റങ്ങളും ബിജോയും അഭിഷേകും ചെറുത്തതിനു പിന്നാലെ എസ്റ്റിവോ ഇടങ്കാലൻ ഷോട്ടിലൂടെ വലകുലുക്കി. 42ാം മിനിറ്റിൽ എസ്റ്റിവോയുടെ അസിസ്റ്റിലൂടെ പെഡ്രോ രണ്ടാംഗോൾ നേടി. ഗോളി ഗുർപ്രീതിന്റെ കൈകളിൽ തട്ടിയായിരുന്നു പന്ത് വലയിലെത്തിയത്. ഇടതു വിങ്ങിലൂടെയെത്തിയ സാമുവൽ ലിനോ പ്രതിരോധം പൊളിച്ച് മൂന്നാം ഗോളും കുറിച്ചു. രണ്ടാം പകുതിയിൽ മറ്റൊരു മലയാളി താരം സനാനും പകരക്കാരനായി കളത്തിലിറങ്ങി ചരിത്ര പോരാട്ടത്തിന്റെ ഭാഗമായി. െപ്ലയിങ് ഇലവനിലെ 11ന് പുറമെ, സബ്സ്റ്റിറ്റ്യൂട്ടായി 11 പേരെയും ഇന്ത്യ കളത്തിലിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

