ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്
text_fieldsലണ്ടൻ: ലോകകപ്പിന് തയാറെടുക്കുന്ന ബ്രസീൽ ടീമിന് സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പട തകർത്തത്.
ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ സെനഗാളിനെ തോൽപിക്കുന്നത്. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവതാരം എസ്റ്റാവോ (28ാം മിനിറ്റിൽ), മധ്യനിര താരം കാസെമിറോ (35) എന്നിവരാണ് ബ്രസീലിനായി വിജയഗോൾ നേടിയത്. കളിയുടെ സമസ്ത മേഖലയിലും ബ്രസീലിനു തന്നെയായിരുന്നു ആധിപത്യം. മാത്യൂസ് കുൻഹ, വിനീഷ്യസ് ജൂനിയർ എന്നിവരെ മുൻനിരയിലും റോഡ്രിഗോ, എസ്റ്റാവോ എന്നിവരെ വിങ്ങുകളിലും വിന്യസിച്ചാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിനെ കളത്തിലിറക്കിയത്. സാദിയോ മാനെക്കായിരുന്നു സെനഗാളിന്‍റെ മുന്നേറ്റത്തിന്‍റെ ചുമതല. തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.
പിന്നാലെ ബ്രസീൽ പാസ്സിങ് ഗെയിമിലൂടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിലൂടെ സെനഗാൾ ബോക്സിനുള്ളിൽ അപകടം വിതച്ചു. എഡ്വേർഡ് മെൻഡിയുടെ സേവുകളാണ് സെനഗാളിനെ രക്ഷിച്ചത്. ഒടുവിൽ 28ാം മിനിറ്റിൽ സെനഗാളിന്‍റെ പ്രതിരോധം പൊളിച്ച് ബ്രസീലിനായി 18കാരൻ എസ്റ്റാവോ വലകുലുക്കി. ബോക്സിനുള്ളിൽനിന്നുള്ള താരത്തിന്‍റെ ഷോട്ട് ഗോളിയെ കീഴ്പ്പെടുത്തി വലിയിൽ.
ഏഴു മിനിറ്റിനുള്ളിൽ റോഡ്രിഗോയുടെ ഫ്രീകിക്കിൽ കാസെമിറോയും വലകുലുക്കി. 2-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും ഗോളവസരങ്ങൾ കൂടുതലും സൃഷ്ടിച്ചത് ബ്രസീൽ തന്നെയായിരുന്നു. ഗോൾ മടക്കാനുള്ള സെനഗാളിന്‍റെ നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടതുമില്ല. അവസാന മിനിറ്റിലേക്ക് കടന്നതോടെ മത്സരത്തിന്‍റെ വേഗതയും നഷ്ടപ്പെട്ടു. ആദ്യ പകുതിയുടെ ആവേശവും കണ്ടില്ല. ഒടുവിൽ 2-0ത്തിന് മത്സരം ബ്രസീൽ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

