കോപ്പ അമേരിക്ക: അർജൻറീനയും ബ്രസീലും പങ്കെടുക്കും
text_fieldsറിയോ ഡി ജനീറോ: കോവിഡ് പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലുള്ള കോപ അമേരിക്ക ടൂർണമെൻറ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ലാറ്റിനമേരിക്കൻ ഫുട്ബാൾ ഭരണസമിതി. പ്രമുഖരായ അർജൻറീനയും ബ്രസീലും ടൂർണമെൻറിൽ നിന്ന് പിൻവാങ്ങില്ലെന്ന് സൂചന നൽകിയതോടെയാണ് യൂറോകപ്പ് കിക്കോഫിന് പിന്നാലെ കോപ്പയും നടക്കുമെന്ന് ഏറക്കുറെ ഉറപ്പായത്.
കോവിഡ് കുതിച്ചുയരുേമ്പാഴും രാജ്യത്ത് കോപ അമേരിക്ക നടത്തിയതിൽ ബ്രസീലിയൻ താരങ്ങൾ എതിരായിരുന്നു. എക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു പിന്നാലെ ബ്രസീൽ താരം കാസെമിറോ, തങ്ങൾ ടൂർണമെൻറ് കളിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, കോച്ച് ട്വിറ്റെയുമായി ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ വിഷയത്തിൽ സംസാരിച്ച് ഒത്തുതീർപ്പിലെത്തുകയായിരുന്നു.
എന്നാൽ, താരങ്ങൾ തങ്ങളുടെ എതിർപ്പ് ഫുട്ബാൾ അസോസിയേഷനെ അറിയിക്കും. ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.ബി.എഫ്) പ്രസിഡൻറ് റോജീരിയോ കബോക്ലോയെ പുറത്താക്കിയതും താരങ്ങളുടെ പ്രതിഷേധം തണുക്കാനിടയാക്കി. അർജൻറീന ഫുട്ബാൾ അസോസിഷേയനും കളിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

