‘ആത്മാവിന് മുറിവേറ്റു, ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനം...’; പെനാൽറ്റി പാഴാക്കിയതിൽ ക്ഷമ ചോദിച്ച് ബ്രാഹിം ഡയസ്, താരത്തെ പിന്തുണച്ച് ഫുട്ബാൾ ലോകം
text_fieldsറബാത് (മൊറോക്കോ): അടുത്ത കാലത്തൊന്നും ഇത്രയും നാടകീയത നിറഞ്ഞൊരു ഫുട്ബാൾ ഫൈനൽ മത്സരം ആരും കണ്ടിട്ടുണ്ടാകില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ മൊറോക്കോയെ ഒരു ഗോളിന് വീഴ്ത്തിയാണ് സെനഗാൾ കിരീടത്തിൽ മുത്തമിട്ടത്.
ആഡ് ഓൺ സമയത്തിന്റെ 22ാം മിനിറ്റിൽ റയൽ മഡ്രിഡ് വിങ്ങർ ബ്രാഹിം ഡയസ് പെനാൽറ്റി എടുക്കുമ്പോൾ കിരീടത്തിനായുള്ള അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് അറുതിയാകുമെന്ന് മൊറോക്കൻ ആരാധകരെല്ലാം ഉറപ്പിച്ചു. എന്നാൽ, ഡയസിന് പിഴച്ചു, താരത്തിന്‍റെ പനേങ്ക പെനാൽറ്റി സെനഗാൾ ഗോളി എഡ്വേർഡ് മെൻഡി അനായാസം കൈപ്പിടിയിലാക്കി. നിശ്ചിത സമയത്ത് ആർക്കും ഗോളടിക്കാനായില്ല. എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റിൽ പെപേ ഗൂയേ നേടിയ ഗോളിലൂടെയാണ് സാദിയോ മാനെയുടെ സംഘം കിരീടത്തിൽ മുത്തമിട്ടത്. വൻകരയുടെ കരുത്തർ തങ്ങളാണെന്ന് സെനഗാൾ ഒരിക്കൽക്കൂടി തെളിയിച്ചു.
2021ൽ ജേതാക്കളായ ടീമിന്റെ രണ്ടാം ആഫ്കോൺ കിരീടനേട്ടം. ഡയസിന്‍റെ ആ സ്പോട്ട് കിക്ക് ലക്ഷ്യംകണ്ടിരുന്നെങ്കിൽ ഒട്ടും സംശയം വേണ്ട, ആഫ്കോൺ കിരീടം ഇന്ന് മൊറോക്കോയുടെ ഷെൽഫിലുണ്ടാകുമായിരുന്നു. ഇതിനിടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് രംഗത്തുവന്നിരിക്കുകയാണ് ബ്രാഹിം ഡയസ്. ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് ക്ഷമ ചോദിക്കുന്നതായി താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
‘എന്‍റെ ആത്മാവിന് മുറിവേറ്റു. ഞാൻ സ്വപ്നം കണ്ടിരുന്ന കിരീടം. നിങ്ങൾ നൽകിയ സ്നേഹത്തിനും മെസ്സേജുകൾക്കും എല്ലാവിധ പിന്തുണക്കും നന്ദി, ഞാൻ തനിച്ചല്ലെന്ന് തോന്നിയ നിമിഷങ്ങൾ’ -ഡയസ് കുറിച്ചു. ഇന്നലെ ഞാൻ പരാജയപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് ക്ഷമ ചോദിക്കുന്നു. ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനമായിരിക്കും, കാരണം ഈ മുറിവ് അത്ര എളുപ്പം ഉണങ്ങില്ല, പക്ഷേ ശ്രമിക്കും. എനിക്കുവേണ്ടിയല്ല, എന്നെ വിശ്വസിക്കുന്നവർക്കും ഞാൻ കാരണം മുറിവേറ്റവർക്കും വേണ്ടി. ഒരു ദിവസം ഈ സ്നേഹം മുഴുവൻ നിങ്ങൾക്ക് തിരികെ നൽകാനും മൊറോക്കൻ ജനതക്ക് അഭിമാനത്തിന്റെ ഒരു ഉറവിടമാകാനും കഴിയുന്നതുവരെ മുന്നോട്ട് പോകും -ഡയസ് കൂട്ടിച്ചേർത്തു.
നിശ്ചിത സമയത്തിന്‍റെ അവസാന വിസിലിന് തൊട്ടുമുമ്പ് മൊറോക്കോക്ക് ലഭിച്ച പെനാൽറ്റി ഏറെ വിവാദമായിരുന്നു. ഡയസിനെ എൽ ഹാജി മാലിക് ദിയൂഫ് ബോക്സിനുള്ളിൽ വലിച്ചിട്ടതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. നീണ്ട വാർ പരിശോധനക്ക് ശേഷമാണ് പെനാൽറ്റി അനുവദിച്ചത്. ഇതോടെ സെനൽ കോച്ച് പെപേ തിയാവ് കളിക്കാരോട് ഡ്രസ്സിങ് റൂമിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സാദിയോ മാനെ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇടപെട്ടാണ് പിന്നീട് കളിക്കാരെ കളത്തിലെത്തിച്ചത്.
അതേസമയം, സമൂഹമാധ്യമ കുറിപ്പിനു താഴെ ഡയസിനെ പിന്തുണച്ച് ഫുട്ബാൾ താരങ്ങൾ രംഗത്തെത്തി. റയൽ മഡ്രിഡിന്‍റെ മുൻ ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക് മോഡ്രിച്ച്, ലൂകാസ് വാസ്ക്വസ്, ഡേവിഡ് അലബ, എഡർ മിലിറ്റാവോ, അസെൻസിയോ ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ചുവന്ന ഹൃദയത്തിന്‍റെ ഇമോജി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

