
ഡോർട്മണ്ടിനെ മുക്കി ജർമൻ സൂപർ കപ്പിൽ മുത്തമിട്ട് ബയേൺ
text_fieldsമ്യൂണിക്: ബുണ്ടസ് ലിഗയിലെ കരുത്തർ തമ്മിലുള്ള ആവേശപ്പോരിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബൊറൂസിയ ഡോർട്മണ്ടിനെ മുക്കി ബയേൺ മ്യൂണിക് ജർമൻ സൂപർ കപ് ചാമ്പ്യൻമാർ. സൂപർ താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി നിറഞ്ഞ മത്സരത്തിൽ തോമസ് മ്യൂളറാണ് ബയേണിനായി അവശേഷിച്ച ഗോൾ കണ്ടെത്തിയത്. മാർകോ റ്യൂവസ് ഡോർട്മുണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
ജൂലിയൻ നാഗെൽസ്മാൻ പരിശീലകനായി എത്തിയ ശേഷം കപ്പുയർത്തിയ ആദ്യ ജയം ബയേണിന് പ്രതീക്ഷ പകരും. കഴിഞ്ഞ സീസൺ ബുണ്ടസ് ലിഗയിൽ 41 ഗോളുകളെന്ന റെക്കോഡുമായി മുന്നിൽനിന്ന പോളണ്ട് താരം ലെവൻഡോവ്സ്കി തന്നെയായിരുന്നു തുടക്കം മുതൽ ബയേൺ മുന്നേങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 41ാം മിനിറ്റിൽ ആദ്യം സ്കോർ ചെയ്ത താരം 74ാം മിനിറ്റിൽ പട്ടിക തികച്ചു.
നാഗൽസ്മാനിനു കീഴിൽ സീസണ് മുന്നോടിയായി നടന്ന നാല് സൗഹൃദ മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ബയേൺ ഇതിഹാസം ഗേർഡ് മുള്ളർക്ക് ആദരാഞ്ജലി അർപിച്ചാണ് മത്സരം തുടങ്ങിയിരുന്നത്.
