തട്ടകത്തിൽ തുടരട്ടെ...; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷക്കെതിരെ
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: സീസണിൽ തോൽവി ശീലമാക്കിയവരെന്ന ചീത്തപ്പേര് മാറ്റി രണ്ടു ജയത്തോടെ പട്ടികയിലെ പിൻസീറ്റിൽനിന്ന് നില മെച്ചപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിന് വ്യാഴാഴ്ച വീണ്ടുമൊരു ഹോം മാച്ച്. ഒഡിഷ എഫ്.സിക്കെതിരെയാണ് കലൂർ സ്റ്റേഡിയത്തിൽ മത്സരം അരങ്ങേറുക. വൈകീട്ട് 7.30നാണ് കിക്കോഫ്. നിലവിൽ 10 കളികളിലായി രണ്ടു ജയവും രണ്ടു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ആറ് കളികളിൽ തോൽവിയും ഏറ്റുവാങ്ങി. ഈ സീസണിലെ തുടക്കം മുതൽ ശനിദശയായിരുന്നു മഞ്ഞപ്പടക്ക്. മുൻ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ടീമിന്റെ രാശി തെളിഞ്ഞില്ല.
ചരിത്രത്തിലെ ഏറ്റവും മോശമാവുമായിരുന്ന ഈ സീസണിൽ ആഷ്ലി വെസ്റ്റ്വുഡ് എന്ന രക്ഷകനെയാണ് കെ.ബി.എഫ്.സി മൂന്നാഴ്ച മുമ്പ് അവതരിപ്പിച്ചത്. മാർച്ച് 27ന് ടീമിന്റെ ചുമതലയേറ്റ ശേഷം കാര്യങ്ങൾ ഏറെ മാറിമറിഞ്ഞു. അതുവരെ നടന്ന ആറ് കളികളിൽ അഞ്ചും തോൽക്കുകയും ഒരെണ്ണം സമനില പിടിക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്സ്, ആഷ്ലി വന്നശേഷം നടന്ന നാലു കളികളിൽ രണ്ടെണ്ണത്തിൽ ജയം നേടി. ഒരെണ്ണം സമനിലയിൽ തളച്ച ടീമിന് പക്ഷേ, ആഷ്ലിയുടെ ‘അരങ്ങേറ്റ’ മത്സരത്തിൽ അടിപതറി. ഹോങ്കോങ് ദേശീയ ഫുട്ബാൾ ടീം പരിശീലകനായി പ്രവർത്തിച്ച വെസ്റ്റ്വുഡ് തന്റെ മുൻഗാമിയുടെ പാതയിൽനിന്ന് വ്യത്യസ്തമായ വഴിയിലൂടെയാണ് താരങ്ങളെ നയിച്ചത്.
ഏപ്രിൽ 11ന് ബംഗളൂരുവിൽ വെച്ച് ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് സീസണിലെ ആദ്യജയം ബ്ലാസ്റ്റേഴ്സ് സ്വന്തം പേരിലാക്കിയത്. തുടർതോൽവികളിൽ മനംമടുത്ത ആരാധകക്കൂട്ടായ്മ മഞ്ഞപ്പട ഇതിനകം ഗാലറിയിൽ നിന്നൊഴിഞ്ഞും കൈയാടികൾ ഒഴിവാക്കിയുമെല്ലാം പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
ആദ്യജയത്തിൽനിന്ന് ഊർജമുൾക്കൊണ്ട് അടുത്ത കളിക്കിറങ്ങിയ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ചു. അതിനുശേഷം ജാംഷഡ്പൂരിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർപ്പൻ ജയവും നേടി. ഏഴ് കളികളിൽ ഒരെണ്ണം മാത്രം ജയിച്ച ഒഡിഷക്കും ഇന്നത്തേത് ജീവൻമരണപോരാട്ടമാണ്. നിലവിൽ പോയന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്, ഒഡിഷ 13-ാം സ്ഥാനത്തും. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരങ്ങളായ ഡാനിഷ് ഫാറൂഖ്, കരീം ബെനാരിഫ് എന്നിവർ പരിക്കിന്റെ പിടിയിലകപ്പെട്ടത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. പുതിയ പരിശീലകന്റെ കീഴിൽ തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുന്ന ബ്ലാസ്റ്റേഴ്സിൻറ മത്സരം കാണാനും തുടർവിജയത്തിന് പ്രോത്സാഹിപ്പിക്കാനും ആരാധകർ തിരികെയെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

