പുതുവര്‍ഷം ജയത്തുടർച്ചക്ക്; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജാംഷഡ്പുരിനെ നേരിടും
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: പുതുവര്‍ഷത്തിലും വിജയഭേരി മുഴക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ചൊവ്വാഴ്ച വീണ്ടും ഹോം ഗ്രൗണ്ടിലിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ്.സിയാണ് എതിരാളികള്‍. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്സിന്‍റെ മിന്നും പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജാംഷഡ്പുരിനെ പൂട്ടാനായാൽ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയമാകും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക. 11 മത്സരത്തില്‍നിന്ന് 22 പോയന്റുമായി നാലാം സ്ഥാനത്തുള്ള ടീമിന് വിജയത്തുടർച്ച ഉറപ്പാക്കാനായാൽ എ.ടി.കെ മോഹന്‍ബഗാനെ പിന്തള്ളി മൂന്നാമതെത്താം.
23 പോയന്‍റാണ് മോഹൻബഗാനുള്ളത്. അതേസമയം, തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡ് കണ്ട ഇവാന്‍ കല്യൂഷ്‌നിക്ക് ചൊവ്വാഴ്ച കളിക്കാനാവില്ലെന്നത് നിരാശയുണ്ടാക്കുന്നുണ്ട്. അവസാന മത്സരത്തിൽ ഒഡിഷക്കെതിരെ നടന്ന കളിയിൽ ഇഞ്ചുറി ടൈമിൽ മഞ്ഞക്കാർഡ് കണ്ടതാണ് കല്യൂഷ്നിക്ക് തിരിച്ചടിയായത്. ഒഡിഷക്കെതിരെ കടുത്ത മത്സരം കാഴ്ചവെച്ച് ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. രണ്ടാം പകുതിയിൽ രാഹുലിന് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷ് ചൊവ്വാഴ്ചയും ഇറങ്ങിയേക്കും. ടീമിൽ വേറെ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
ബ്ലാസ്റ്റേഴ്സ് വിട്ട മധ്യനിര താരം പ്യൂട്ടിയക്ക് പകരം സ്ക്വാഡിൽ തന്നെ ആളുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച് പറഞ്ഞു. അതേസമയം, നിലവില്‍ യുക്രെയ്ൻ ക്ലബിൽനിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന ഇവാന്‍ കല്യൂഷ്‌നിയെ ബ്ലാസ്‌റ്റേഴ്‌സില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
11 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ജാംഷഡ്പുരിന് ഇന്നും കാര്യങ്ങളത്ര സുഖകരമാവില്ല. ക്യാപ്റ്റനും ഡിഫന്‍ഡറുമായ പീറ്റര്‍ ഹാര്‍ട്ലിയുടെ പുറത്താകലിന് ശേഷമുള്ള ടീമിന്റെ ആദ്യമത്സരം കൂടിയാണിത്. പകരക്കാരനായി എത്തിയ ഡിലന്‍ ഫോക്‌സ് കളിക്കാന്‍ തയാറാണെന്ന് പരിശീലകന്‍ എയ്ഡി ബൂത്രോയ്ഡ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ടീം നിലവില്‍ അഞ്ച് പോയന്റുമായി പത്താം സ്ഥാനത്താണ്.