വലകുലുക്കി ജിമിനസും കോറോയും; ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ; വിൽമറിന് ചുവപ്പ് കാർഡ്
text_fieldsചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ഇടവേളക്കു പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ. ജീസസ് ജിമിനസും കോറോ സിങ്ങുമാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്.
ജോർദാൻ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ചെന്നൈയിന് തിരിച്ചടിയായി. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. കോറോ നടത്തിയ നീക്കമാണ് ഗോളിലെത്തിയത്. ബോക്സിനുള്ളിലുണ്ടായിരുന്ന ജീസസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. തൊട്ടുപിന്നാലെ ജീസസിന് മറ്റൊരു ഓപ്പൺ അവസരം കൂടി ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ രക്ഷപ്പെടുത്തി.
മത്സരത്തിന്റെ 36ാം മിനിറ്റിലാണ് മോശം പെരുമാറ്റത്തെ തുടർന്ന് ചെന്നൈയിന്റെ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. മിലോസിനെ അനാവശ്യമായി ഫൗൾ ചെയ്തതിനാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ ചെന്നൈയിൻ 10 പേരിലേക്ക് ചുരുങ്ങി. പിന്നാലെ ആക്രമണം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ഇൻജുറി ടൈമിൽ (45+3) കോറോയിലൂടെ ലീഡ് ഉയർത്തി. അഡ്രിയാൻ ലൂനയാണ് ഗോളിന് വഴിയൊരുക്കിയത്.
ചെന്നയിനെതിരെ അവരുടെ തട്ടകത്തിലെ മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. തുടർച്ചയായ ആറു കളികളിൽ അകന്നുനിന്ന ജയം സ്വന്തം തട്ടകത്തിൽ പിടിച്ച് പോയന്റ് പട്ടികയിൽ ആദ്യ ആറിലേക്ക് ആദ്യ ചുവട് കുറിക്കലാണ് ആതിഥേയരുടെ ലക്ഷ്യമെങ്കിൽ സീസണിൽ ഇതേ ടീമിനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. 18 കളികളിൽ അതേ പോയന്റുമായി 10ാമതാണ് ചെന്നൈയിനെങ്കിൽ അത്രയും മത്സരങ്ങളിൽ 21 പോയന്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്.
നാലു ജയങ്ങളും ആറ് സമനിലകളുമാണ് സീസണിൽ ചെന്നയിന്റെ മികച്ച റെക്കോഡെങ്കിൽ ആറു ജയവും മൂന്ന് സമനിലയുമാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 3-0നാണ് ചെന്നൈ ടീമിനെ കേരളം തകർത്തുവിട്ടത്. എന്നാൽ, സ്വന്തം തട്ടകത്തിൽ ഒരിക്കൽപോലും ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ തോറ്റിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

