രണ്ടു മിനിറ്റിൽ രണ്ടടിച്ച് ദിമിത്രിയോസ്; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നിൽ (2-0)
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസാണ് രണ്ടു ഗോളുകളും നേടിയത്.
രണ്ടു മിനിറ്റിനിടെയാണ് താരം രണ്ടു തവണ വല കുലുക്കിയത്. മത്സരത്തിന്‍റെ 42ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഗ്രൗണ്ടിന്‍റ ഇടതുവിങ്ങിൽനിന്ന് ബ്രയ്‌സ് മിറാൻഡ പോസ്റ്റിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ദിമിത്രിയോസ് വലയിലാക്കി. ആരാധകരുടെ ആവേശം കെട്ടടങ്ങും മുമ്പേ വീണ്ടും ദിമിത്രിയോസ് നോർത്ത് ഈസ്റ്റിന്‍റെ വല കുലുക്കി.
44ാം മിനിറ്റിൽ അഡ്രിയാൻ ലൂണ നൽകിയ ഒന്നാംതരം പാസ് താരം ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളിയെ നിസ്സഹായനാക്കി വലയിലാക്കി. നേരത്തെ, ഗോളെന്ന് ഉറപ്പിച്ച ഒന്നിലധികം അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മുതലെടുക്കാനായില്ല. പന്തടക്കത്തിലും ഷോട്ട് ഓൺ ടാർഗറ്റിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നിൽ.
മലയാളി താരം സഹൽ അബ്ദുസ്സമദ്, ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ഗിൽ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചില്ല. ഗില്ലിന് പകരം വെറ്ററൻ ഗോൾകീപ്പർ കരൺജിത്താണ് മഞ്ഞപ്പടയുടെ ഗോൾവല കാക്കുന്നത്. സസ്‌പെന്‍ഷനുശേഷം കെ.പി. രാഹുൽ ടീമില്‍ തിരിച്ചെത്തി.
തുടര്‍ച്ചയായ രണ്ടു തോൽവികൾക്കു പിന്നാലെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങിയത്. തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ പരാജയമറിയാതെയുള്ള കുതിപ്പിനു പിന്നാലെ എവേ ഗ്രൗണ്ടിലേക്ക് പോയ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയോടും ഗോവയോടും തോറ്റത് ക്ഷീണമായി. മുംബൈ സിറ്റിയും ഹൈദരാബാദും ഉറപ്പിച്ച പ്ലേഓഫിലേക്ക് ഇനി നാലു സ്ഥാനങ്ങളാണ് അവശേഷിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് ഇനിയും പ്ലേഓഫ് സാധ്യതകളുണ്ട്. ജയിച്ചാല്‍ 28 പോയന്‍റുമായി ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ മറികടന്ന് വീണ്ടും മൂന്നാം സ്ഥാനത്ത് എത്താം. പോയന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് സീസണില്‍ ഒരേയൊരു മത്സരം മാത്രമാണ് ജയിച്ചത്. 2021 ഫെബ്രുവരിയില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിക്കെതിരെയായിരുന്നു അവരുടെ അവസാന എവേ വിജയം.
കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവൻ:
കരൺജിത്ത്, ഖബ്ര, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ കർണെയ്റോ, ജീക്‌സൺ, ലൂണ, കെ.പി. രാഹുൽ, ബ്രയ്‌സ് മിറാൻഡ, അപോസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്‍റകോസ്