തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ 2-1ന് മുന്നിൽ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ബംഗളൂരു എഫ്.സിക്കെതിരെ 2-1ന് മുന്നിൽ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 14ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി സന്ദർശകർക്ക് ലീഡ് സമ്മാനിച്ചെങ്കിലും രണ്ട് ഗോൾ തിരിച്ചടിച്ച് ആതിഥേയർ കരുത്ത് കാട്ടുകയായിരുന്നു. 25ാം മിനിറ്റിൽ നിഷുകുമാറിന്റെ അസിസ്റ്റിൽ മാർകോ ലെസ്കോവികിലൂടെ സമനില നേടിയ ബ്ലാസ്റ്റേഴ്സ് 43ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ദിമിത്രി ദയമാന്റകോസിലൂടെ ലീഡും സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് താരം ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നത്.
നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ലഭിച്ചത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രി ദയമാന്റകോസ് തൊടുത്ത ഷോട്ടും 20, 21 മിനിറ്റുകളിൽ രാഹുലിന്റെ ഷോട്ടും വലക്ക് നേരെ പാഞ്ഞെങ്കിലും വല കുലുങ്ങിയില്ല. 29ാം മിനിറ്റിൽ നിഷുകുമാർ നൽകിയ മനോഹരമായ ക്രോസും രാഹുലിന് മുതലാക്കാനായില്ല.