ഡയമണ്ട് ബ്ലാസ്റ്റേഴ്സ്; ഡിയമൻറകോസിന് ഇരട്ടഗോൾ, നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 2-0 വിജയം
text_fieldsകൊച്ചി: മുംബൈയോടും ഗോവയോടുമേറ്റ തുടർപരാജയങ്ങളിൽ നിന്ന് തിരിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എല്ലിലെ താഴെത്തട്ടുകാരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-0ത്തിന് തോൽപിച്ച ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെയും എഫ്.സി ഗോവയെയും മറികടന്ന് മൂന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.
16 മത്സരങ്ങളിൽ 42 പോയന്റുമായി ബഹുദൂരം മുന്നിലുള്ള മുംബൈ സിറ്റിക്കും 15 കളികളിൽ 35 പോയന്റുള്ള ഹൈദരാബാദ് എഫ്.സിക്കും പിറകിലാണ് 15 മത്സരങ്ങളിൽ 28 പോയന്റുള്ള ബ്ലാസ്റ്റേഴ്സ്. എ.ടി.കെക്ക് 15 മത്സരങ്ങളിൽ 27ഉം ഗോവക്ക് 16 കളികളിൽ 26ഉം പോയന്റാണുള്ളത്. 16 മത്സരങ്ങളിൽ നാലു പോയന്റ് മാത്രമാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.
സ്ട്രൈക്കർ ദിമിത്രിയോസ് ഡിയമന്റകോസിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 42, 44 മിനിറ്റുകളിലായിരുന്നു ഗ്രീക് താരത്തിന്റെ ഗോളുകൾ. ഡിയമൻകോസിന് ഇതോടെ ഒമ്പതു ഗോളുകളായി. ഗോവക്കെക്കെതിരെ ഇറങ്ങിയ ടീമിൽ കോച്ച് ഇവാൻ വു കോമനോവിച്ച് മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ സന്ദീപ് സിങ്ങിന് പകരം പ്രതിരോധത്തിൽ ഹർമൻജോത് ഖബ്ര എത്തി. നിഷു കുമാറിന് പകരം ജെസൽ കർണെയ്റോ. മധ്യനിരയിൽ സൗരവ് മണ്ഡലിന് പകരം കെ.പി. രാഹുലും ഇവാൻ കലിയുഷ്നിയ്ക്ക് പകരം അപോസ്തലോസ് ജിയാനുവും സഹല്‍ അബ്ദുൽ സമദിന് പകരം ബ്രൈസ് മിറാൻഡയുമെത്തി. അസുഖബാധിതനായ പ്രഭ്സുഖന്‍ സിങ്ഗില്ലിന് പകരം വലകാക്കാൻ കരൺജിത് സിങ്ങെത്തി.
തുടക്കം മുതൽ തന്നെ പ്രതിരോധത്തിനൊപ്പം കനത്ത പോരാട്ടം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വിറപ്പിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വല കുലുക്കാൻ നിരവധി അവസരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ഇതെല്ലാം പാഴായിക്കൊണ്ടിരിക്കെ 42ാം മിനിറ്റിൽ നിരാശകളുടെ വലപൊട്ടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നു. വലതുവിംഗിൽ നിന്ന് മിറാൻഡയുടെ ക്രോസിനെ ഡിയമന്റകോസ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിറകെ അടുത്ത ഗോളുമെത്തി. ലൂനയുടെ പാസുമായി മുന്നേറിയ ഡിയമന്റകോസ് ഗോളി അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച് ഉയർത്തിയ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ കളി നിർത്തിയത്.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്താനുള്ള ശ്രമങ്ങളെ നോർത്ത് ഈസ്റ്റ് പ്രതിരോധിച്ചതിനൊപ്പം നിലമെച്ചപപ്പെടുത്താനും ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെ കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.