ക്ലബ്ബുകൾ പൂട്ടുന്നു, ബ്രസീലിനെ കളിപ്പിക്കാൻ 70 കോടിയോ?; എ.ഐ.എഫ്.എഫിനെതിരെ ആഞ്ഞടിച്ച് ബൈചുങ് ബൂട്ടിയ
text_fieldsന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി പ്രഥമ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറാനുള്ള അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ. രാജ്യത്തെ ഫുട്ബാൾ ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒരു സൗഹൃദ മത്സരത്തിനായി 50 മുതൽ 70 കോടി രൂപ വരെ ചിലവാക്കുന്നത് യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള സൗഹൃദ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫ ഇൻ്റർനാഷണൽ വിൻഡോയിലാണ് ആസിയാൻ കപ്പും നടക്കുന്നത്. തീയതികൾ തമ്മിൽ ക്ലാഷ് വന്നതോടെയാണ് ഫിഫയുടെ അംഗീകാരമുള്ള ടൂർണമെൻ്റിൽ നിന്നും ഫെഡറേഷൻ പിന്മാറിയത്.
"ബ്രസീൽ പ്രതിഫലം വാങ്ങാതെ സൗഹൃദ മത്സരം കളിക്കാൻ വരികയാണെങ്കിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ ഐ.എസ്.എൽ ക്ലബ്ബുകൾ അടച്ചുപൂട്ടുകയും, ഐ-ലീഗ് ക്ലബ്ബുകൾക്ക് എൻട്രി ഫീ അടക്കാൻ പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ബ്രസീലിന് 50-70 കോടി രൂപ നൽകുന്നത് പൂർണ്ണമായും തെറ്റായ തീരുമാനമാണ്," ബൂട്ടിയ വ്യക്തമാക്കി.
മാസ്റ്റർ റൈറ്റ്സ് എഗ്രിമെൻ്റ് കാലാവധി അവസാനിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷം, സ്പോർട്സ് മന്ത്രാലയത്തിൻ്റെ ഇടപെടലിലൂടെയാണ് ഈ വർഷത്തെ ഐ.എസ്.എൽ ചുരുക്കിയ രൂപത്തിലാണെങ്കിലും ആരംഭിക്കാൻ കഴിഞ്ഞത്. ഇതിനിടയിലാണ് ടാറ്റ സ്റ്റീൽ ജംഷഡ്പൂർ എഫ്.സിയെ കൈയൊഴിയുകയും വെള്ളിയാഴ്ച ചർച്ചിൽ ബ്രദേഴ്സിന് ക്ലബ്ബിനെ കൈമാറുകയും ചെയ്തത്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുന്ന ആസിയാൻ കപ്പ് ഉപേക്ഷിച്ചത് തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിഫയുടെ ക്ഷണം സ്വീകരിച്ച ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവർക്കൊപ്പം ഡിവിഷൻ 1 ലെ ഗ്രൂപ്പ് എ യിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
വലിയ തുക മുടക്കി ഒരു മത്സരം നടത്തുന്നതിനേക്കാൾ ഈ പണം ദീർഘകാലാടിസ്ഥാനത്തിൽ ഫുട്ബാളിൻ്റെ വികസനത്തിനായി ഉപയോഗിക്കണമെന്നാണ് ബൂട്ടിയ നിർദ്ദേശിക്കുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2-ലേക്ക് യോഗ്യത നേടിയ ഈസ്റ്റ് ബംഗാളിനെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സീസണിൽ പ്രധാന സ്പോൺസർമാരായ ഇമാമി പിന്മാറിയതോടെ ഈസ്റ്റ് ബംഗാളും സാമ്പത്തിക പ്രതിസന്ധിയിലാണ്.
"സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈസ്റ്റ് ബംഗാളിന് 10-20 കോടി രൂപയുടെ സഹായം നൽകാൻ കല്യാൺ ചൗബെ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെടണം. അവർ മികച്ച ടീമിനെ വാർത്തെടുത്ത് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലോ സെമിയിലോ ഫൈനലിലോ എത്തിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർ കളിക്കുന്ന അൽ-നസർ, അൽ-ഇത്തിഹാദ് പോലുള്ള വമ്പൻ ക്ലബ്ബുകൾ യാതൊരു പ്രതിഫലവുമില്ലാതെ ഇന്ത്യയിൽ കളിക്കാൻ വരും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബാളിൻ്റെ നിലവിലെ തകർച്ചയെക്കുറിച്ചും അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 140-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ദുരന്തമാണ്. ഫുട്ബോളിനെക്കുറിച്ച് യാതൊരു അറിവോ താല്പര്യമോ ഇല്ലാത്ത, മാനേജ്മെൻ്റിൽ പരിചയസമ്പത്തില്ലാത്ത ആളുകൾ തലപ്പത്തിരിക്കുന്നതാണ് ഇതിന് കാരണം. ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയൊരു ഭരണസമിതി വരികയാണെങ്കിൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവംബർ 12, 15 തീയതികളിൽ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തെ അദ്ദേഹം പൂർണ്ണമായും സ്വാഗതം ചെയ്തു. ലോകകപ്പ് യോഗ്യത നേടി മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസിലൻഡിനെതിരായ മത്സരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക് മികച്ച അനുഭവമായിരിക്കും. നവംബർ 4 മുതൽ 17 വരെ സാഫ് കപ്പും നടക്കുന്നുണ്ടെങ്കിലും, അവിടേക്ക് അണ്ടർ-23 ടീമിനെ അയച്ചുകൊണ്ട് ഈ പ്രതിസന്ധി മറികടക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ന്യൂസിലൻഡ് പര്യടനത്തിൽ മികച്ച ഫലങ്ങൾ നേടാനായാൽ അത് റാങ്കിങ്ങിലും ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നും ബൂട്ടിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

