‘ബെസ്റ്റ്’ ഷോ
text_fieldsഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പുമായി റയൽ മഡ്രിഡ് ടീം
ദോഹ: സീസണിലെ ഏറ്റവും മികച്ച കോച്ചായും താരമായും തിരഞ്ഞെടുക്കപ്പെട്ട കാർലോ ആഞ്ചലോട്ടിയും വിനീഷ്യസും. ലോകകപ്പ് ഫൈനലിൽ അർജൻറീനക്കെതിരെ ഒറ്റയാൾ പട്ടാളമായി പൊരുതിവീണ ഓർമയിൽ കിലിയൻ എംബാപ്പെ.
പിന്നെ മോഡ്രിചും തിബോ കർടുവയും റോഡ്രിഗോയും ജൂഡ് ബെല്ലിങ്ഹാമും റുഡിഗറും വാസ്ക്വസും ഉൾപ്പെടെ ലോകഫുട്ബാളിലെ സൂപ്പർതാരങ്ങളും. ലോകകപ്പ് ഫുട്ബാൾ ഫൈനൽ അരങ്ങേറിയതിന്റെ രണ്ടാം വാർഷികദിനം ലുസൈൽ സ്റ്റേഡിയത്തിന് മറ്റൊരു കളിപ്പെരുന്നാൾ തന്നെയായിരുന്നു.
67,000ത്തോളം പേർ ഇരിപ്പുറപ്പിച്ച ലുസൈലിലെ ഗാലറിപ്പടവുകളിൽ വലിയൊരു ശതമാനം മലയാളി ആരാധകർ കൂടിയായതോടെ ഖത്തർ വേദിയായ ലോകകപ്പ് ഫുട്ബാൾ പോലെതന്നെ സവിശേഷമായി ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പിന്റെ കലാശപ്പോരാട്ടവും.
യൂറോപ്യൻ ചാമ്പ്യന്മാർ എന്ന പകിട്ടുമായി ടൂർണമെൻറിന്റെ ഫൈനലിലേക്ക് വൈൽഡ് കാർഡ് എൻട്രിയുമായെത്തിയ റയൽ മഡ്രിഡിന് ഒത്ത എതിരാളിയായിരുന്നില്ല മെക്സികൻ ക്ലബായ പചൂക. ടൂർണമെൻറിൽ നേരത്തേ പോരാട്ടം തുടങ്ങിയവർ തെക്കനമേരിക്കൻ ജേതാക്കളായ ബോട്ടഫോഗോയെയും ആഫ്രിക്കൻ ജേതാക്കളായ അൽ അഹ്ലിയെയും വീഴ്ത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
എന്നാൽ, കലാശപ്പോരാട്ടത്തിൽ എതിരാളിയുടെ വലിപ്പത്തിന് മുന്നിൽ പകച്ച പചൂകയായി. പ്രതിരോധം ശക്തമാക്കി കളിതുടങ്ങിയ പചൂകക്ക് പക്ഷേ, റയലിന്റെ പ്രതിഭാ മികവിനെ തടയാനുള്ള ശേഷിയില്ലായിരുന്നു. 37ാം മിനിറ്റിൽ ആദ്യം കിലിയൻ എംബാപ്പെയിലൂടെ വലകുലുങ്ങി.
ലോങ്റേഞ്ചിൽ തുടങ്ങി കുറുകിയ പാസുമായി പ്രതിരോധം പൊട്ടിച്ചുകൊണ്ട് മുന്നേറിയ റോഡ്രിഗോ, ബെല്ലിങ് ഹാം ടച്ചിൽനിന്ന് വിനീഷ്യസിലൂടെ പന്ത് ബോക്സിനുള്ളിലേക്ക്. ഗോൾലൈൻ ക്രോസിൽനിന്ന് വിനീഷ്യസ് നൽകിയ വൈഡ് ഷോട്ട് എംബാപ്പെക്ക് ഇടതുകാൽകൊണ്ട് വലയിലേക്ക് തൊടുക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. ഗാലറി കാത്തിരുന്ന ഗോളിന്റെ പിറവി.
രണ്ടാം പകുതിയിലെ 53ാം മിനിറ്റിൽ റോഡ്രിഗോയുടെ എല്ലാ മാന്ത്രികതയും പ്രകടമാക്കിയതായിരുന്നു രണ്ടാം ഗോൾ. മധ്യവര കടന്നതിന് പിന്നാലെ വാൽവെർദെയുടെ ടച്ചിലൂടെ ബോക്സിന് പുറത്തെത്തിയ പന്ത് എംബാപ്പെ ബാക് പാസിലൂടെ റോഡ്രിഗോക്ക് നൽകുമ്പോൾ മനസ്സിൽ ബോക്സിനുള്ളിലേക്ക് ഒരു ത്രൂപാസായിരുന്നു. പക്ഷേ, കളത്തിൽ കണ്ടത് റോഡ്രിഗോയുടെ നൃത്തം.
മുന്നിൽ നിരന്നുനിന്ന അഞ്ച് എതിർ ഡിഫൻഡർമാരെ പപ്പറ്റ്ഷോയിലെന്ന പോലെ തെന്നി നീക്കി കബളിപ്പിച്ച് അവർക്ക് മുകളിലൂടെ കിടിലനൊരു ഷോട്ട്. പചൂക നിഷ്പ്രഭമായ നിമിഷം. റയലിന്റെ മേധാവിത്വം ഉറപ്പാക്കുകയും ചെയ്തു.
84ാം മിനിറ്റിൽ ഫിഫ ബെസ്റ്റിന്റെ ആഘോഷമായി വിനീഷ്യസിന്റെ പെനാൽറ്റി ഗോളും പിറന്നതോടെ ലുസൈലിലെ ‘ബെസ്റ്റ് ഷോ’ അവസാനിച്ചു. പ്രഥമ ഫിഫ ഇൻറർകോണ്ടിനെൻറൽ കപ്പ് കിരീടവുമായി കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ആഘോഷവും. റയലിൽ 15 കിരീടവുമായി ആഞ്ചലോട്ടി റെക്കോഡും തിരുത്തി.
രണ്ടു ദിവസങ്ങളിലായി തേടിയെത്തിയ രണ്ടു നേട്ടങ്ങളുടെ സന്തോഷത്തിലായിരുന്നു കോച്ച് ആഞ്ചലോട്ടിയും വിനീഷ്യസ് ജൂനിയറും പ്രീമാച്ച് വാർത്തസമ്മേളനത്തിനെത്തിയത്. ടീമിനും സഹതാരങ്ങൾക്കും നന്ദിപറഞ്ഞ ഇരുവരും ഈ വിജയം ഓരോ സഹതാരങ്ങൾക്കുമുള്ളതാണെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

