‘ആ കുഞ്ഞുങ്ങൾക്ക് ഒരു പാവ സഹായം’- തുർക്കിയിൽ ഭൂകമ്പത്തിനിരയായ കുരുന്നുകൾക്ക് വേറിട്ട സഹായവുമായി ഫുട്ബാൾ മത്സരം- വിഡിയോ
text_fieldsമൂന്നാഴ്ച മുമ്പ് പുലർച്ചെയൊരുനാൾ ചില പ്രദേശങ്ങളെ ഒന്നാകെ കൽക്കൂമ്പാരമാക്കിയ മഹാഭൂകമ്പത്തിന്റെ നടുക്കുന്ന ഓർമകളിൽനിന്ന് തുർക്കി ജനത ഉടനൊന്നും മോചിതരാകുമെന്ന് തോന്നുന്നില്ല. അരലക്ഷം പേരെങ്കിലും സംഭവത്തിൽ മരിച്ചെന്നാണ് ഏകദേശ കണക്ക്. ദുരന്ത ബാധിതരെ അതിവേഗം പതിവു ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും നാടുകളെ പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ വേറിട്ട സഹായവുമായി തുർക്കിയിലെ ക്ലബും ആരാധകരും രംഗത്തുവന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം തുർക്കി സൂപർ ലീഗിൽ ബെസിക്റ്റാസും അൻറ്റാലിയസ്പോറും തമ്മിലെ മത്സരത്തിനിടെയായിരുന്നു സഹായപ്രവാഹം. ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ കുഞ്ഞുങ്ങൾക്ക് നൽകാൻ പാവകൾ സ്വരൂപിച്ചായിരുന്നു മത്സരത്തിനിടെ ആരാധകർ അദ്ഭുതപ്പെടുത്തിയത്.
നാലു മിനിറ്റ് പിന്നിട്ടയുടൻ കളി തത്കാലം നിർത്തിവെച്ചതോടെ ഗാലറിയിലിരുന്നവർ കൈയിൽ കരുതിയ പാവകൾ താഴെ മൈതാനത്തേക്ക് എറിഞ്ഞുനൽകി. ചുറ്റും കുമിഞ്ഞുകൂടിയത് ആയിരക്കണക്കിന് പാവകൾ. അതോടൊപ്പം, മറ്റു വസ്തുക്കളും ജനം നൽകി. എല്ലാം പൂർത്തിയായതോടെ അവ ബന്ധപ്പെട്ടവർ സമാഹരിച്ചു. ഇവ പിന്നീട് ദുരന്ത ബാധിത മേഖലകളിൽ വിതരണം ചെയ്യും. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ 50,000 ലേറെ പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സുവും ദുരന്തത്തിൽ മരിച്ചിരുന്നു.