ഐ.എസ്.എല്ലിൽ ഇന്ന് ബംഗളൂരു- ഗോവ രണ്ടാം പാദ സെമി
text_fieldsഎഫ്.സി ഗോവ താരങ്ങൾ പരിശീലനത്തിൽ
മഡ്ഗാവ്: ഐ.എസ്.എൽ രണ്ടാംപാദ സെമിയിൽ ഇന്ന് എഫ്.സി ഗോവക്ക് കടുപ്പമേറിയ പോരാട്ടം. ആദ്യപാദത്തിൽ 2-0ന് ജയിച്ചുവരുന്ന ബംഗളൂരു എഫ്.സിയാണ് ഫത്തോർഡ സ്റ്റേഡിയത്തിൽ ആതിഥേയരുടെ എതിരാളികൾ. തോറ്റാൽ പുറേത്തക്കുള്ള വഴിയായതിനാൽ മനേലോ മാർക്വേസിന്റെ ടീമിന് തിരിച്ചുവരവിന് അവസാന അവസരമാണ്.
2015ൽ ഡൽഹി ഡൈനാമോസിനെതിരെ ആദ്യ പാദം തോറ്റശേഷം രണ്ടാം പാദം ജയിച്ച ചരിത്രം ഗോവക്കുണ്ട്. ഗോൾകീപ്പർ റിത്വിക് തിവാരി സീസണിൽ ആകെ ഏഴ് കളികളിൽ ഗോൾ വഴങ്ങിയിട്ടില്ല. 51 സേവുകളും നടത്തി. സ്പാനിഷ് താരം ഐകർ ഗൗറോക്സേനയുടെ സ്ട്രൈക്കിങ് മികവിലാണ് ഗോവയുടെ ഗോളടി പ്രതീക്ഷ. ആദ്യപാദത്തിൽ ബംഗളൂരു പ്രതിരോധം ഐകറിനെ കൃത്യമായി പൂട്ടിയിരുന്നു.
ഇന്ന് ഏക സ്ട്രൈക്കറായി ഐകറിനെ മുന്നിലിറക്കും. 4-2-3-1 എന്ന കളിശൈലിയാവും ഗോവയുടേത്. ആകാശ് സാങ്വാനും വെറ്ററൻ താരം സന്ദേശ് ജിങ്കാനും ഒഡെയ് ഒനഇന്ത്യയും ബോറിസ് സിങ്ങും പ്രതിരോധത്തിൽ കളിക്കും. കാൾ മക്ഹ്യുവും സാഹിൽ തവോറയും മിഡ്ഫീൽഡിനും പ്രതിരോധത്തിനും ഇടയിലെ കണ്ണികളാവും. ബ്രിസൺ ഫെർണാണ്ടസ്, ബോർയ ഹെരേര, ഉദാന്ത സിങ് എന്നിവർ മിഡ്ഫീൽഡിലുണ്ടാകും. അവസാന രണ്ട് ഹോം മത്സരത്തിലും ബംഗളൂരുവിനെ ഗോവ തോൽപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ഐ.എസ്.എൽ പ്ലേഓഫിലും ടീമിന് തോൽവിയായിരുന്നു ഫലം.
ഗോളടിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ബംഗളൂരു ഏറെ മുന്നിലാണ്. കഴിഞ്ഞ രണ്ട് പ്ലേഓഫ് മത്സരങ്ങളിൽ ടീം തോൽവിയറിയാതെയാണ് കുതിക്കുന്നത്. സീസണിൽ 47 ഗോളുകൾ ബംഗളൂരു നേടി. 4-4-2 എന്ന വിജയ ഫോർമേഷൻ ബംഗളൂരു കോച്ച് ജെറാഡ് സരഗോസ മാറ്റില്ല. ഗുർപ്രീത് സിങ് സന്ധു ഗോൾവല കാക്കും. നംഗ്യാൽ ബൂട്ടിയ, ചിങ് ലസാന സിങ്, രാഹുൽ ഭേക്കെ, നവോറെം റോഷൻ സിങ് എന്നിവർ ഡിഫൻഡർമാരായുണ്ട്.
പെഡ്രോ കാപോ ഡിഫൻസിവ് മിഡ്ഫീൽഡറാകും. സുരേഷ് സിങ് വാങ്ജമും ശിവശക്തി നാരായണനും വൈഡ് മിഡ്ഫീൽഡറായുണ്ടാകും. പരിചയസമ്പന്നനായ ആൽബെർട്ടോ നൊഗുവേര അറ്റാക്കിങ് മിഡ്ഫീൽഡറായി മുൻനിരയിലെ റയാൻ വില്യംസിനും എഡ്ഗാർ മെൻഡിസിനും കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

