ഫൈനൽ മത്സരത്തിനിടെ പടക്കമേറ്: ഫുട്ബാൾ ഫെഡറേഷന് ബംഗളൂരു എഫ്.സിയുടെ പരാതി
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിനിടെയുണ്ടായ പടക്കമേറിൽ ടീം ഉടമക്കും ആരാധകർക്കും പരിക്കേറ്റത് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് പരാതി. കിരീടം നേടിയ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ഹോം മൈതാനമായ സാൾട്ട് ലേക്കിലാണ് ശനിയാഴ്ച ഫൈനൽ നടന്നത്. കളിക്കിടെ ബംഗളൂരുവിന്റെ ട്രാവലിങ് ഫാൻസിന് നേരെയാണ് പടക്കമേറുണ്ടായത്. ടീം ഉടമ പാർഥ് ജിൻഡാലിനും സംഭവത്തിൽ പൊള്ളലേറ്റു.
ഒരു ആരാധകന്റെ കണ്ണിലാണ് പടക്കം വീണത്. ‘ഇതൊരു അശ്രദ്ധ പ്രവൃത്തി മാത്രമല്ല, മറിച്ച് ഞങ്ങളുടെ ആരാധകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയായിരുന്നു’ -ആക്രമണത്തെ ശക്തമായി അപലപിച്ച് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, നമ്മുടെ മനോഹരമായ കളിയുടെ സ്പിരിറ്റിന് തന്നെ എതിരാണ്. സ്റ്റേഡിയങ്ങൾ ഇപ്പോഴും എപ്പോഴും സുരക്ഷിതമായ ഇടമായിരിക്കണം. അത്തരം പ്രവൃത്തികൾക്ക് ഫുട്ബാളിലോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ലെന്ന് ക്ലബ് വ്യക്തമാക്കി.
ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിനും പരാതി നൽകിയിട്ടുണ്ട്. മത്സരത്തിൽ 2-1ന് ബംഗളൂരുവിനെ തോൽപിച്ചാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.