
മെസ്സി- റൊണാൾഡോ കൂട്ടുകെട്ട് പരിഗണനയിലെന്ന് ബെക്കാം
text_fieldsലണ്ടൻ: സമകാലിക ഫുട്ബാൾ സമ്മാനിച്ച ഇതിഹാസങ്ങൾ ഒരേ ജഴ്സിയിൽ പന്തു തട്ടുന്ന മനോഹര മുഹൂർത്തത്തിന് ലോകം കൺപാർത്തു തുടങ്ങിയിട്ട് ഏറെയായി. അത് അടുത്തെങ്ങും സംഭവിക്കുെമന്ന് പ്രതീക്ഷ ഇനിയുമില്ല. പക്ഷേ, കാൽപന്ത് ആരാധകരുടെ മനസ്സറിഞ്ഞ് ആ ശ്രമം ഇനി താനും ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ്, റയൽ മഡ്രിഡ് താരം ഡേവിഡ് ബെക്കാം. അമേരിക്കൻ ലീഗിൽ തന്‍റെ സ്വന്തം ക്ലബായ ഇന്‍റർ മിയാമിയിൽ എന്നെങ്കിലും സാധ്യമാകുമെങ്കിൽ റൊണാൾഡോ, മെസ്സി എന്നിവരെ ഒന്നിച്ച് കളിപ്പിക്കാൻ ശ്രമം നടത്തുമെന്ന് താരം പ്രഖ്യാപിക്കുന്നു. പറ്റുമെങ്കിൽ നെയ്മറെ കൂടി അവർക്കൊപ്പം ടീമിലെത്തിക്കും.
''ചർച്ച ഏറെയായി തുടരുന്നതാണ്. തീരുമാനമെടുക്കൽ താരങ്ങൾക്ക് അത്ര കടുത്തതാകുമെന്ന് ഞാൻ കരുതുന്നില്ല. സത്യമായും, അതൊരു മഹത്തായ ഇടമാണ്''- ബെക്കാം സുന്ദര സുമോഹന വാഗ്ദാനം പങ്കുവെക്കുന്നു.
ബാഴ്സയിൽ ഈ സീസണോടെ കരാർ അവസാനിക്കുന്ന മെസ്സി പ്രിമിയർ ലീഗിലേക്ക് ലീഗ് വണ്ണിലേക്കോ പോകാൻ വരെ സാധ്യത പ്രവചിക്കുന്നവരുണ്ട്. ബാഴ്സയിൽ തന്നെ റെക്കോഡ് തുകക്ക് നിൽക്കുമെന്ന് പറയുന്നവരുമേറെ. പക്ഷേ, ആദ്യമായാകും അമേരിക്കൻ ലീഗിൽ താരം വന്നേക്കാമെന്ന് ഒരാൾ പരസ്യമായി പ്രഖ്യാപിക്കുന്നത്. അതും സാക്ഷാൽ ബെക്കാംവക. റൊണാൾഡോയെ വിടാൻ യുവന്‍റസും ഒരുക്കമല്ലെന്നത് അങ്ങാടിപ്പാട്ടാണ്.