ബയേൺ മ്യൂണിക്കിന് ജർമൻ സൂപ്പർ കപ്പ് കിരീടം
text_fieldsബെർലിൻ: പ്രിമിയർ ലീഗ് ചാമ്പ്യൻ ടീമായ ലിവർപൂളിൽനിന്ന് പുതിയ തട്ടകത്തിലെത്തിയ ലൂയിസ് ഡയസിന് അരങ്ങേറ്റത്തിൽ ഗോളും കിരീടവും. സ്റ്റട്ട്ഗാർട്ടിനെതിരായ ജർമൻ സൂപ്പർ കപ്പ് കലാശപ്പോരിലാണ് ഹാരി കെയിനൊപ്പം ഡയസും വല കുലുക്കി ടീമിന് പുതിയ സീസൺ കിരീടത്തുടക്കമാക്കിയത്. സ്കോർ 2-1.
18ാം മിനിറ്റിൽ അനായാസ ടച്ചിൽ വല കുലുക്കി കെയിനാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. പിന്നെയും പന്ത് ബയേൺ നിയന്ത്രണത്തിലായിരുന്നെങ്കിലും കളി തിരിച്ചുപിടിച്ച എതിരാളികൾ നിക്ക് വോൾട്ടിമേഡിലൂടെ ആക്രമണം കനപ്പിച്ചു. കോട്ട കാത്ത് 39കാരൻ മാനുവൽ നോയർ ഉരുക്കു കൈകളുമായി മുന്നിൽ നിന്നത് പലപ്പോഴും ബയേണിന് രക്ഷയായി. രണ്ടാം പകുതിയിൽ ലൂയിസ് ഡയസ് ബയേണിന് വിജയം സമ്മാനിച്ച ഗോൾ നേടി. അവസാന മിനിറ്റുകളിൽ സ്റ്റട്ട്ഗാർട്ടിനായി ജാമി ലെവലിങ് ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും സമയം വൈകിയിരുന്നു.
വമ്പൻ ട്രാൻസ്ഫർ തുകക്ക് നാലു വർഷ കരാറിലാണ് ഡയസ് വിൻസന്റ് കൊമ്പനി പരിശീലിപ്പിക്കുന്ന ബയേണിലെത്തിയത്. സെർജി നബ്രിയുടെ പാസിലായിരുന്നു ഡയസിന്റെ മനോഹര ഹെഡർ ഗോൾ. ഗോൾ നേടിയ താരം വാഹനാപകടത്തിൽ മരിച്ച ഡിയോഗോ ജോട്ടയുടെ ഓർമ പുതുക്കി ജോട്ട സ്റ്റൈൽ ഗോളാഘോഷം നടത്തി.
നീണ്ട 11 വർഷം ബുണ്ടസ് ലിഗ കിരീടം നിലനിർത്തിയ ബയേൺ 2024ൽ ബയേർ ലെവർകൂസനു മുന്നിൽ കൈവിട്ട ശേഷം കഴിഞ്ഞ തവണ വീണ്ടും തിരിച്ചുപിടിച്ചിരുന്നു. ആഗസ്റ്റ് 22നാണ് പുതിയ സീസണിൽ ടീമിന് ആദ്യ മത്സരം. ലൈപ്സീഗാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

