ബയേൺ മ്യൂണിക്കിന് ജർമൻ കപ്പ് കിരീടം
text_fieldsജർമൻ കപ്പ് കിരീടവുമായി ബയേൺ മ്യൂണിക് താരങ്ങൾ
ബെർലിൻ: ഡി.എഫ്.ബി-പൊകൽ (ജർമൻ കപ്പ്) കിരീടം അഞ്ച് വർഷത്തിനുശേഷം തിരിച്ചുപിടിച്ച് ബയേൺ മ്യൂണിക്. ഒളിമ്പ്യാസ്റ്റേഡിയനിൽ നടന്ന ഫൈനലിൽ ഹാരി കെയ്‌ന്റെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ ബയേൺ 3-0ത്തിന് നിലവിലെ ചാമ്പ്യന്മാരായ വി.എഫ്.ബി സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി. കോച്ച് വിൻസെന്റ് കൊമ്പനിക്ക് കീഴിൽ ബയേണിന് സീസണിലെ രണ്ടാം ആഭ്യന്തര കിരീടമാണിത്. ജർമൻ ബുണ്ടസ് ലിഗയിലും ഇവരായിരുന്നു ജേതാക്കൾ.
തുടക്കത്തിൽ സ്റ്റട്ട്ഗാർട്ട് മികച്ച രീതിയിൽ കളിച്ചെങ്കിലും, പരിക്കേറ്റ മാനുവൽ ന്യൂയറിന് പകരം ഇറങ്ങിയ ഗോൾകീപ്പർ ജോനാസ് അർബിഗിന്റെ മികച്ച സേവുകൾ സ്കോർ സമനിലയിൽ നിർത്തി. 54ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ജോഷ്വ കിമ്മിച്ചിന്റെ ഫ്രീ കിക്കിൽനിന്ന് മൈക്കൽ ഒലീസെ നൽകിയ ക്രോസ് ഡൈവിങ് ഹെഡറിലൂടെ കെയ്ൻ വലയിലെത്തിച്ചു. 79ൽ ലൂയിസ് ഡയസിൽനിന്ന് ലഭിച്ച പന്ത് പ്രതിരോധ നിരക്കാരെ വെട്ടിച്ച് കെയ്ൻ രണ്ടാം ഗോളാക്കി മാറ്റി. ഇൻജുറി ടൈമിൽ സ്റ്റട്ട്ഗാർട്ട് താരം ആഞ്ചലോ സ്റ്റില്ലറുടെ ഹാൻഡ്‌ബാളിന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ (90+2) ഹാട്രിക്കും ബയേണിന്റെ വിജയവും (3-0) ഉറപ്പിച്ചു. ഇവരുടെ 21ാമത് ജർമൻ കപ്പ് കിരീടമാണിത്. സീസണിൽ ബയേണിനായി കെയ്ൻ ആകെ 61 ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

