റയൽ സൂപ്പർതാരത്തിന് 998 കോടിയുടെ ഓഫറുമായി ബയേൺ; വിടാതെ ആഴ്സണലും സൗദി ക്ലബും...
text_fieldsമഡ്രിഡ്: റയൽ മഡ്രിഡിൽ ബ്രസീൽ സൂപ്പർതാരം റോഡ്രിഗോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സ്പെയിൻ പരിശീലകൻ സാബി അലൻസോ ക്ലബിന്‍റെ ചുമതലയേറ്റെടുത്തതോടെയാണ് താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്.
ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരായ ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പോലും താരത്തിന് ലൈനപ്പിൽ ഇടംകണ്ടെത്താനായില്ല. താരത്തെ റയൽ വിൽക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ബ്രസീൽ വിങ്ങറെ ടീമിലെത്തിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ലിറോയ് സാനെ ഗലറ്റസാറെയിലേക്ക് പോയതോടെയാണ് ബയേൺ പകരക്കാരനെ തേടുന്നത്. ലിവർപൂളിന്‍റെ കൊളംബിയൻ അറ്റാക്കർ ലൂയിസ് ഡയസിനെയാണ് ക്ലബ് ആദ്യം നോട്ടമിട്ടത്.
674 കോടി രൂപ ഡയസിന് വാഗ്ദാനം ചെയ്തെങ്കിലും ലിവർപൂൾ നിരസിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെയാണ് ബയേണിന്‍റെ അന്വേഷണം റോഡ്രിഗോയിലെത്തിയത്. വരുന്ന സീസണിൽ ടീമിന്‍റെ അറ്റാക്കിങ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റോഡ്രിഗോക്കുവേണ്ടി ചരടുവലിക്കുന്നത്. 998 കോടി രൂപയാണ് താരത്തിന് ബയേണിന്‍റെ ഓഫറെന്നാണ് പുറത്തുവരുന്ന വിവരം. പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്ണലും റോഡ്രിഗോക്കുവേണ്ടി താൽപര്യം കാണിക്കുന്നുണ്ട്.
2019ൽ ബ്രസീൽ ക്ലബ് സാന്‍റോസ് എഫ്.സിയിൽനിന്ന് 449 കോടി രൂപക്കാണ് 24കാരനായ മുന്നേറ്റ താരം സാന്‍റിയാഗോ ബെർണബ്യൂവിലെത്തുന്നത്. 270 മത്സരങ്ങളിൽനിന്ന് 68 ഗോളുകളാണ് താരം നേടിയത്. കാർലോ ആഞ്ചലോട്ടിയുടെ റയലിൽ റോഡ്രിഗോക്ക് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റും റോഡ്രിഗോയെ ക്ലബിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.
പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ റോഡ്രിഗോയെ അൽ നസ്റിലെത്തിക്കണമെന്ന് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നസ്റിൽ വിങ്ങറുടെ അഭാവം റോഡ്രിഗോയിലൂടെ പരിഹരിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. നിലവിൽ ക്ലബിന്‍റെ കൊളംബിയൻ മുന്നേറ്റതാരം ജോൺ ഡുറാൻ വായ്പാടിസ്ഥാനത്തിൽ തുർക്കി ക്ലബ് ഫെനെർബാഷെക്കുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു ടീമിന് മുന്നേറ്റനിര ശക്തിപ്പെടുത്തേണ്ടതുണ്ട്.
നേരത്ത, ലിവർപൂൾ താരം ലൂയിസ് ഡയസിനെ ടീമിലെത്തിക്കാനുള്ള സൗദി ക്ലബിന്‍റെ ശ്രമം പരാജയപ്പെട്ടതോടെ മാർട്ടിനെല്ലിക്കുവേണ്ടി നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോ ആഴ്സണൽ താരത്തിന്‍റെ കാര്യത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചില്ല. പകരം റോഡ്രിഗോ മതിയെന്ന നിലപാടിലാണ് ക്രിസ്റ്റ്യാനോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

