ബയേണിന് ബുണ്ടസ് ലിഗ കിരീടം
text_fieldsമ്യൂണിക് : ജർമനിയിലെ ചുവന്ന വസന്തം തുടരും. ബുണ്ടസ് ലിഗ സിംഹാസനത്തിലെ ചക്രവർത്തിമാരായി വീണ്ടും അവരോധിക്കപ്പെട്ട് ബയേൺ മ്യൂണിക്. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ 35ാം ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി വിൻസന്റ് കൊമ്പനിയും സംഘവും. സ്റ്റുട്ട്ഗാർട്ടിനെതിരായ ആവേശകരമായ മത്സരത്തിൽ 4-2ന് ജയിച്ചാണ് കുതിപ്പ് തുടർന്നത്. 14 വർഷത്തിനിടെ 13ാം തവണയാണ് ബയേണിന് കിരീട നേട്ടം. 2023-24ൽ ബയേൺ ലെവർകുസെൻ ചാമ്പ്യന്മാരാവുന്നതിന് മുമ്പും ശേഷവും ജർമനിയിൽ മറ്റൊരു പേരില്ല. ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്നിനിത് തുടർച്ചയായ രണ്ടാം ബുണ്ടസ് ലിഗ ടൈറ്റിലാണ്.
അലയൻസ് അറീനയിൽ സ്വന്തം കാണികൾക്കുമുന്നിൽ കിരീടം ഉറപ്പിക്കാനിറങ്ങിയ ബയേൺ 21ാം മിനിറ്റിൽ ഞെട്ടി. ബിലാൽ എൽ ഖനൂസിന്റെ അസിസ്റ്റിൽ ക്രിസ് ഫ്യൂറിച്ച് സ്റ്റുട്ട്ഗാർട്ടിനായി ആദ്യ ഗോൾ നേടി. എന്നാൽ, 31ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ മുന്നേറ്റത്തിനൊടുവിൽ റാഫേൽ ഗ്യുറേറോ സമനില ഗോൾ കണ്ടെത്തി. വെറും രണ്ട് മിനിറ്റിനുള്ളിൽ നിക്കോളാസ് ജാക്സൺ ബയേണിനെ മുന്നിലെത്തിച്ചതോടെ ആവേശം. 37ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ അൽഫോൺസോ ഡേവിസ് സ്കോർ 3-1 ആക്കി. പകരക്കാരനായി ഇറങ്ങിയ കെയ്ൻ 52ാം മിനിറ്റിൽ ഗോൾ നേടി വിജയം ഏറക്കുറെ ഉറപ്പാക്കി. അവസാന മിനിറ്റുകളിൽ ചേമ ആൻഡ്രസ് (88) സ്റ്റുട്ട്ഗാർട്ടിനായി രണ്ടാമത്തെ ഗോൾ മടക്കിയെങ്കിലും ഫലത്തെ സ്വാധീനിച്ചില്ല.
30 മത്സരങ്ങളിൽ 79 പോയന്റാണ് ബയേണിനുള്ളത്. 64 പോയന്റുമായി ബൊറുസീയ ഡോർട്ട്മുണ്ടാണ് രണ്ടാമത്. ബുണ്ടസ് ലിഗ സീസണിൽ ഇതുവരെ 109 ഗോളുകൾ ബയേൺ നേടിക്കഴിഞ്ഞു. 1971-72 സീസണിലെ 101 ഗോൾ റെക്കോഡാണ് ഇവർ തകർത്തത്. ബയേണിലെ തന്റെ മൂന്നാം സീസണിലും തകർപ്പൻ ഫോമിലാണ് കെയ്ൻ. കിരീടം ഉറപ്പിച്ച മത്സരം വരെ 27 കളികളിൽ 32 ഗോളുകളാണ് കെയ്ൻ ബുണ്ടസ് ലിഗയിൽ മാത്രം നേടിയത്. എല്ലാ മത്സരങ്ങളിലുമായി താരം 51 ഗോളുകൾ തികച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

