ബാഴ്സ വീണ്ടും സമനിലയിൽ
text_fieldsമഡ്രിഡ്: സെവിയ്യക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സക്ക് സമനില (1-1). മത്സരത്തിന്റെ ആദ്യ പകുതിയിൽ നേടിയ ഗോളിലാണ് ഇരു ടീമും സമനിലയിൽ പിരിഞ്ഞത്.
32ാം മിനിട്ടില്‍ പാപു ഗോമസ് സെവിയ്യക്കു വേണ്ടി ഗോൾ നേടിയപ്പോൾ 45ാം മിനിട്ടില്‍ റൊണാൾഡ് അറൗജോയിലൂടെ ബാഴ്സയും ഒപ്പം പിടിച്ചു. ഒസ്മാൻ ഡെംബെലെയുടെ കോർണർ കിക്കില്‍ നിന്നാണ് അറൗജോ ഗോൾ നേടിയത്.
64ാം മിനിട്ടില്‍ പ്രതിരോധ താരം ജൂൾസ് കൗണ്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും 10 പേരുമായി സെവിയ്യ മത്സരം പൂര്‍ത്തിയാക്കി. ബാഴ്സ പ്രതിരോധ താരം ജോർഡി ആൽബക്കെതിരായ ഫൗളിനാണ് കൗണ്ടെ പുറത്തായത്.
മത്സരം സമനിലയിലായതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമനായ റയല്‍ മഡ്രിഡുമായുള്ള സെവിയ്യയുടെ പോയിന്റ് വ്യത്യാസം അഞ്ചായി. 18 മത്സരങ്ങളില്‍ 43 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ റയലിനുള്ളത്.
രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് 18 മത്സരങ്ങളില്‍ നിന്നും 38 പോയിന്റാണുള്ളത്. അതേസമയം ബാഴ്സ ഏഴാം സ്ഥാനത്തേക്ക് കയറി. 18 മത്സരങ്ങളില്‍ ഏഴ് വിജയം നേടിയ ബാഴ്സക്ക് 28 പോയിന്റാണുള്ളത്.

