തുടക്കം നാടകീയം! ഒമ്പതുപേരുമായി കളിച്ച മയ്യോർക്കയെ തകർത്ത് ബാഴ്സ; വലകുലുക്കി റാഫിഞ്ഞയും ടോറസും യമാലും
text_fieldsലാ ലിഗയിലെ ആദ്യ മത്സരം ഗംഭീരമാക്കി ചമ്പ്യന്മാരായ ബാഴ്സലോണ. സൂപ്പർതാരങ്ങളായ റാഫിഞ്ഞ, ഫെറാൻ ടോറസ്, ലാമിൻ യമാൽ എന്നിവർ വലകുലുക്കിയ മത്സരത്തിൽ മയ്യോർക്കയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഹാൻസി ഫ്ലിക്കും സംഘവും തകർത്തത്.
രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അരമണിക്കൂറോളം ഒമ്പതുപേരുമായാണ് മയ്യോർക്ക കളിച്ചത്. ബാഴ്സക്കൊപ്പം സ്ഥിരം കരാറിലെത്തിയ ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോർഡ് ടീമിനായി അരങ്ങേറ്റം കുറിച്ചു. മയ്യോർക്കയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബാഴ്സ ബഹുദുരം മുന്നിൽനിന്നു.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ബ്രസീൽ താരം റാഫിഞ്ഞയിലൂടെ കറ്റാലന്മാർ മുന്നിലെത്തി. യുവതാരം യമാലാണ് ഗോളിന് വഴിയൊരുക്കിയത്. ഏറെ വൈകാതെ ബാഴ്സ ലീഡ് വർധിപ്പിച്ചു. 23ാം മിനിറ്റിൽ ടോറസാണ് വല കുലുക്കിയത്. പിന്നീട് നാടകീയ രംഗങ്ങൾക്കാണ് മൈതാനം സാക്ഷിയായത്. 33ാം മിനിറ്റിൽ യമാലിനെ ചലഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് മാനു മോര്‍ലെയ്ന്‍സ് പുറത്തായതോടെ മയ്യോർക്ക പത്തുപേരിലേക്ക് ചുരുങ്ങി. ആറു മിനിറ്റിനുള്ളിൽ വേദാത് മുറിഖിക്ക് കൂടി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ മയ്യോർക്ക ഒമ്പതുപേരായി. ബാഴ്സ ഗോൾകീപ്പർ ജൊവാൻ ഗാര്‍സിയയെ ചലഞ്ച് ചെയ്തതിനായിരുന്നു മുറിഖിക്ക് കളം വിടേണ്ടി വന്നത്.
ഒമ്പത് പേരായി ചുരുങ്ങിയ മയ്യോര്‍ക്കയെ വെള്ളം കുടിപ്പിക്കുന്ന ബാഴ്‌സയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 69ാം മിനിറ്റിൽ റാഷ്ഫോര്‍ഡ് ബാഴ്സയുടെ കുപ്പായത്തില്‍ കളത്തിലിറങ്ങി. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് യമാൽ ബാഴ്സയുടെ മൂന്നാം ഗോൾ നേടുന്നത്. ഗാവിയാണ് ഗോളിന് വഴിയൊരുക്കിയത്.
മറ്റു മത്സരങ്ങളിൽ വലൻസിയയും റയൽ സോസിഡാഡും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡിപ്പോർട്ടീവോ അലാവസ് 2-1ന് ലെവന്‍റയെ തകർത്തു. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സെൽറ്റ വിഗോ ഗെറ്റാഫെയെയും അത്ലറ്റികോ ബിൽബാവോ സെവിയ്യയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

