എക്സ്ട്രാ ടൈം ഗോളിൽ നാടകീയ ജയം; കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ
text_fieldsഎക്സ്ട്രാ ടൈം ഗോളിൽ റയൽ മാഡ്രിഡിനെ തകർത്ത് കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡറായ ജൂൾസ് കൗണ്ടെയുടെ ഗോൾ വന്നത്. 25 യാർഡ് അകലെ നിന്നും ജൂൾസ് കൗണ്ടെയുടെ ഷോട്ട് റയൽ പ്രതിരോധത്തെ ഭേദിച്ച് വലകുലുക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ തന്നെ ബാഴ്സ മുന്നിലെത്തിയിരുന്നു. പെഡ്രിയാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് നിന്ന് പെഡ്രി തൊടുത്ത തകർപ്പനൊരു ഷോട്ട് വലകുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പരിക്ക് മൂലം ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന കിലയൻ എംബാപ്പെ റയൽ മാഡ്രിഡിനായി സമനില ഗോൾ നേടി. 70ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെയാണ് ഗോൾ വന്നത്. ഏഴ് മിനിറ്റിന് ശേഷം റയൽ മാഡ്രിഡ് ലീഡെടുക്കുകയും ചെയ്തു. ഔറേലിയൻ ചൗമേനി കോർണർ കിക്കിന് തലവെച്ചാണ് ഗോൾ നേടിയത്.
എന്നാൽ, റയലിന്റെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 84ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഫെറാൻ ടോറസ് ബാഴ്സയുടെ സമനില ഗോൾ കണ്ടെത്തി. നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടും. ഒടുവിൽ ജൂൾസ് കൗണ്ടെയുടെ ഗോളിൽ ബാഴ്സ കോപ ഡെൽ റെ കിരീടത്തിൽ മുത്തമിട്ടു. ജർമ്മൻ മാനേജർ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

