നൂ കാമ്പിൽ ഗോളടിച്ചും അടിപ്പിച്ചും റാഷ്ഫോഡ്; ബാഴ്സ- യുനൈറ്റഡ് പോരിൽ സമനില
text_fieldsബാഴ്സയെ അവരുടെ തട്ടകത്തിൽ സമനിലയിൽ പൂട്ടി മാഞ്ചസ്റ്റർ യുനൈറ്റഡ്. യൂറോപ ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരിൽ ഇരു ടീമും രണ്ടടിച്ചാണ് ഒപ്പത്തിനൊപ്പം നിന്നത്. സന്ദർശകർക്കായി ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും മാർകസ് റാഷ്ഫോഡ് നിറഞ്ഞുനിന്നപ്പോൾ അലൻസോ, റഫീഞ്ഞ എന്നിവരുടെ വകയായിരുന്നു ബാഴ്സ ഗോളുകൾ. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ആതിഥേയരാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. റഫീഞ്ഞയുടെ കോർണറിൽ തലവെച്ച് 50ാം മിനിറ്റിൽ അലൻസോ ബാഴ്സയെ മുന്നിലെത്തിച്ചു. മനോഹര ഫിനിഷിലൂടെ റാഷ്ഫോഡ് അതിവേഗം ഒപ്പം പിടിച്ച കളിയിൽ റാഷ്ഫോഡിന്റെ തന്നെ ക്രോസ് അപകടമൊഴിവാക്കാനുള്ള ശ്രമത്തിൽ യൂൾസ് കൂൻഡെ സ്വന്തം വലയിലെത്തിച്ചതോടെ സന്ദർശകർക്കായി ലീഡ്. എന്നാൽ, എന്തു വില കൊടുത്തും തിരിച്ചടിക്കാൻ പറന്നുനടന്ന ബാഴ്സക്കായി റഫീഞ്ഞ വല കുലുക്കുമ്പോൾ യുനൈറ്റഡ് പ്രതിരോധം കാഴ്ചക്കാരായി.
അതിനിടെ, സ്വന്തം ബോക്സിൽ രക്ഷകനായി കാസമിറോ അടിച്ചത് വഴിതെറ്റി പോസ്റ്റിലിടിച്ച് മടങ്ങിയത് ബാഴ്സക്ക് നിർഭാഗ്യമായി.
അടുത്ത വ്യാഴാഴ്ച ഓൾഡ് ട്രാഫോഡിലാണ് രണ്ടാം പാദം. കഴിഞ്ഞ സീസണിൽ മോശം പ്രകടനവുമായി ചാമ്പ്യൻസ് ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ട രണ്ടു വമ്പന്മാർ ഇത്തവണ സ്വന്തം ലീഗുകളിൽ പ്രകടനമികവുമായി തിരിച്ചുവരവിന്റെ വഴിയിലാണ്. അതിനൊത്ത പ്രകടനമായിരുന്നു നൗ കാമ്പിൽ കണ്ടത്.
ഈ സീസണിൽ യുനൈറ്റഡ് മുന്നേറ്റത്തെ ത്രസിപ്പിച്ച് ഗോളടിമേളം തുടരുന്ന മാർകസ് റാഷ്ഫോഡ് ഇന്നലെയും കളി നയിച്ചത് കോച്ച് ടെൻ ഹാഗിന് കൂടുതൽ ആവേശം പകരുന്നതായി. താരം ഇതുവരെ സീസണിൽ ടീമിനായി 22 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. വരും മത്സരങ്ങളിൽ കൂടി എതിർ വല തുളച്ച് റെക്കോഡ് കുറിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.