ബ്രസീലിയൻ ‘വണ്ടർ കിഡ്’ വിറ്റർ റോക്കെ ഇനി ബാഴ്സയിൽ
text_fieldsബ്രസീലിന്‍റെ ഭാവിതാരമായ വിറ്റർ റോക്കെയെ ടീമിലെത്തിച്ച് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണ. ബ്രസീലിയൻ ക്ലബ് അത്‌ലറ്റികോ പരാനേൻസിൽനിന്നാണ് 18കാരനെ ബാഴ്സ സ്വന്തമാക്കിയത്.
ഏഴു വർഷത്തെ കരാറിൽ 2024-25 സീസണിലാകും മുന്നേറ്റതാരം ബാഴ്സക്കൊപ്പം ചേരുക. 2023-24 സീസൺ കൂടി പരാനേൻസിനുവേണ്ടി താരം കളിക്കും. ആഴ്‌സനൽ, ടോട്ടനം ഹോട്‌സ്പർ, ചെത്സി, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻ ക്ലബുകളെല്ലാം താരത്തിനുവേണ്ടി നീക്കം നടത്തിയിരുന്നു.
പുതിയ റൊണാൾഡോ എന്ന് വിളിപ്പേരുള്ള വിറ്റർക്ക് 40 മില്യൺ യൂറോയാണ് കാറ്റലൻ ക്ലബ് ഓഫർ ചെയ്തത്. കൂടാതെ അധിക തുകയായി 21 മില്യൺ യൂറോയും നൽകും. 2024ൽ താരം ക്ലബുമായി ഏഴു വർഷ കരാറിൽ ഒപ്പുവെക്കുമെന്നും 500 ദശലക്ഷം യൂറോ ആയിരിക്കും റിലീസ് വ്യവസ്ഥ എന്നും ബാഴ്‌സ വൃത്തങ്ങൾ പറയുന്നു. ബ്രസീലിന്റെ സീരി എയിൽനിന്ന് യൂറോപ്പിലേക്ക് ചേക്കേറുന്ന ഏറ്റവും ചെലവേറിയ രണ്ടാമത്തെ താരമാകും ഇതോടെ റോക്കെ.
ബ്രസീൽ ദേശീയ യുവ ടീമുകൾക്കു വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് താരത്തെ യൂറോപ്യൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാക്കിയത്. പരാനേൻസിനുവേണ്ടി 66 മത്സരങ്ങളിൽനിന്നായി 22 ഗോളുകൾ നേടിയിട്ടുണ്ട്. മൊറോക്കോയുമായി നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിനു വേണ്ടി കളത്തിലിറങ്ങി. ബ്രസീൽ ടീമിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അന്ന് സ്വന്തമാക്കി. ഈ വർഷം നടന്ന ദക്ഷിണ അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിലും ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ടൂർണമെന്റിൽ റോക്കെ നേടിയ ആറു ഗോളുകളുടെ ബലത്തിലാണ് ബ്രസീൽ കിരീടം നേടിയത്. വെറ്ററൻ താരം റോബർട്ട് ലെവൻഡോവ്സ്കിക്കു പകരക്കാരനായി 'നമ്പർ ഒമ്പത്' പൊസിഷനിലേക്കാണ് ബാഴ്‌സ റോക്കെയെ പരിഗണിക്കുന്നത്. അടുത്തമാസം 35 തികയുന്ന പോളിഷ് താരത്തിന് രണ്ട് വർഷം കൂടി ക്ലബുമായി കരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

