ബാലൻ ഡി ഓർ: ഡെംബലെ, ഡോണറുമ്മ, എംബാപ്പെ പട്ടികയിൽ; മെസ്സിയും ക്രിസ്റ്റ്യാനോയുമില്ല
text_fieldsഉസ്മാൻ ഡെംബലെയും ഡോണറുമ്മയും
പാരിസ്: ലോകത്തെ ഏറ്റവും മികച്ച പുരുഷ, വനിത താരങ്ങൾക്ക് ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ എല്ലാ വർഷവും നൽകി വരുന്ന ബാലൻ ഡി ഓർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പുറത്ത്. യൂറോപ്യൻ ക്ലബ് ഫുട്ബാൾ വിട്ട ഇതിഹാസ താരങ്ങളും മുൻ ജേതാക്കളുമായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇക്കുറിയും പട്ടികയിലില്ല. പാരിസ് സെന്റ് ജെർമെയ്ന്റെയും ഫ്രാൻസിന്റെയും സ്ട്രൈക്കർ ഉസ്മാൻ ഡെംബലെയാണ് ശ്രദ്ധേയ സാന്നിധ്യം. പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂയിജി ഡോണറുമ്മയും പട്ടികയിലുണ്ട്. സെപ്റ്റംബർ 22ന് പാരിസിലാണ് പ്രഖ്യാപനം.
കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്, ഫ്രാൻസ്), ജൂഡ് ബെല്ലിങ്ഹാം (റയൽ മഡ്രിഡ്, ഇംഗ്ലണ്ട്), എർലിങ് ഹാലൻഡ് (മാഞ്ചസ്റ്റർ സിറ്റി, നോർവേ), മുഹമ്മദ് സലാഹ് (ലിവർപൂൾ, ഈജിപ്ത്), ലമിൻ യമാൽ (ബാഴ്സലോണ, സ്പെയിൻ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്, ഇംഗ്ലണ്ട്), വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്, ബ്രസീൽ), റഫിഞ്ഞ (ബാഴ്സലോണ, ബ്രസീൽ), അഷ്റഫ് ഹക്കീമി (പി.എസ്.ജി, മൊറോക്കോ), കോൾ പാമർ (ചെൽസി, ഇംഗ്ലണ്ട്) തുടങ്ങിയവർ 30 പേരുടെ പട്ടികയിലുണ്ട്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പി.എസ്.ജിയിൽനിന്ന് ഒമ്പതുപേർ ഇടംപിടിച്ചു. ആഴ്സനലിന് ചാമ്പ്യൻസ് ലീഗും ഇംഗ്ലണ്ടിന് യൂറോ കിരീടവും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്ട്രൈക്കർ ക്ലോയെ കെല്ലി വനിത പട്ടികയിൽ മുൻനിരയിലുണ്ട്. പരിശീലകരുടെ പട്ടികയിൽ പി.എസ്.ജി കോച്ച് ലൂയിസ് എൻറിക്വുമുണ്ട്. ജേണലിസ്റ്റുകൾ വോട്ട് ചെയ്താണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്കിനായിരുന്നു 2024ലെ പുരുഷ പുരസ്കാരം. എന്നാൽ, പരിക്കിനെത്തുടർന്ന് മത്സരങ്ങൾ നഷ്ടമായ റോഡ്രി ഇത്തവണ പട്ടികയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

