സിംഹാസനത്തിൽ ഡെംബലെ; ബാലൻ ദി ഓർ പുരസ്കാരം ഫ്രഞ്ച് താരത്തിന്
text_fieldsപാരിസ്: സോക്കറിലെ രാജാക്കന്മാർ ആദരിക്കപ്പെട്ട പാരിസിലെ രാത്രിയിൽ മികച്ച താരത്തിനുള്ള ബാലൻ ദി ഓറിൽ മുത്തമിട്ട് പി.എസ്.ജി സൂപർ താരം ഉസ്മാൻ ഡെംബലെ. ആരാധകരേറെയുള്ള യൂറോപിലെ രണ്ട് ലീഗുകളിൽനിന്ന് ഫാവറിറ്റുകളായെത്തിയ ലമീൻ യമാൽ, മുഹമ്മദ് സലാഹ് എന്നിവരെയടക്കം പിറകിലാക്കിയായിരുന്നു ലോകം കാത്തിരുന്ന പ്രഖ്യാപനത്തിൽ ഫ്രഞ്ച് സ്ട്രൈക്കറുടെ സിംഹാസനാരോഹണം.
മുമ്പ് വാങ്ങിയവരാരും ചുരുക്കപ്പട്ടികയിലില്ലാതെയായിരുന്നു ഇത്തവണ ബാലൻ ദി ഓർ ജേതാവിനായി പാരിസിൽ വേദിയൊരുങ്ങിയത്. ഏറെയായി നിർഭാഗ്യം വഴി മുടക്കിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് പി.എസ്.ജിയെ ഗോളടിച്ചു കയറ്റിയാണ് ഉസ്മാൻ ഡെംബലെ മികച്ച ഫുട്ബാളറായത്.
33 ഗോളും 13 അസിസ്റ്റുമായി നിറഞ്ഞാടിയ താരത്തിന്റെ ചിറകേറി പാരിസിയന്മാർ ലിഗ് വൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഗോൾഡൻ ബൂട്ടിനുടമയും ചാമ്പ്യൻസ് ലീഗിന്റെ താരവുമായി സീസൺ ഗംഭീരമാക്കിയ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും കുറിച്ചു. ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ് പോലുള്ള വമ്പന്മാർക്കെതിരെ നേടിയ ഗോളുകൾ ടീമിനെ വിജയിപ്പിക്കുന്നതിൽ ചെറുതായൊന്നുമല്ല സഹായിച്ചത്.
വനിതകളിൽ ബാലൻ ദി ഓർ ഹാട്രിക് മികവോടെ ബാഴ്സയുടെ സ്പാനിഷ് താരം ഐറ്റാന ബോൻമാറ്റിക്കാണ്. പരിശീലകർക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പി.എസ്.ജി പരിശീലകൻ ലൂയിസ് എന്റിക്വിനാണ്. ടീമിനെ ചാമ്പ്യൻസ് ട്രോഫിയിലും ലിഗ് വണ്ണിലും ഫ്രഞ്ച് കപ്പിലും ജേതാക്കളാക്കിയതിനായിരുന്നു ആദരം. ഹാൻസി ഫ്ലിക്ക്, ആർനെ സ്ലോട്ട് എന്നിവരാണ് പിന്തള്ളപ്പെട്ടവരിൽ ചിലർ. വനിതകളിൽ ഇതേ പുരസ്കാരം ഇംഗ്ലണ്ട് പരിശീലക സരിന വീഗ്മാനാണ്.
മികച്ച ടീമായും പി.എസ്.ജി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സമാനതകളില്ലാത്ത കിരീടനേട്ടങ്ങളുമായി സീസൺ തങ്ങളുടെതാക്കിയായിരുന്നു ടീം നമ്പർ വൺ ആയത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ടീം ലിഗ് വൺ മത്സരത്തിൽ മാഴ്സെയോട് തോറ്റെങ്കിലും താരവും കോച്ചും ടീമും ഒന്നിച്ച് ആദരിക്കപ്പെട്ടത് ശ്രദ്ധേയമായി.
ഒരിക്കലൂടെ മികച്ച യുവ താരത്തിനുള്ള കോപ അവാർഡ് തുടർച്ചയായ രണ്ടാം തവണയും ബാഴ്സയുടെ 18കാരനായ ‘വണ്ടർ ബോയ്’ ലമീൻ യമാലിനൊപ്പം നിന്നപ്പോൾ ഇതേ വിഭാഗം വനിതകളിൽ ബാഴ്സ വനിത ടീമിലെ വിക്കി ലോപസിനാണ് പുരസ്കാരം.
മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി മാഞ്ചസ്റ്റർ സിറ്റി കാവൽക്കാരൻ ജിയാൻലൂജി ഡോണറുമ്മക്കാണ്. വനിതകളിൽ ചെൽസിയുടെ ഹന്ന ഹാംപ്ടണും ജേതാവായി. ഏറ്റവും മികച്ച സ്ട്രൈക്കറെ ആദരിക്കുന്ന ഗേർഡ് മുള്ളർ പുരസ്കാരം ഗണ്ണേഴ്സിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകറസിനാണ്. വനിതകളിൽ ഇവ പാജോറും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

