ലോകകപ്പിൽ പിൻവാതിൽ പ്രവേശനം?
text_fieldsലോകകപ്പ് യോഗ്യത ആഘോഷിക്കുന്ന സ്വീഡിഷ് താരങ്ങൾ
സ്റ്റോക്ക്ഹോം (സ്വീഡൻ): ഫിഫ ലോകകപ്പ് പ്രാഥമിക യോഗ്യതാ റൗണ്ടിലെ എട്ടിൽ ആറ് മത്സരങ്ങളും ജയിച്ചിട്ടും രണ്ടാം സ്ഥാനത്തായതിന്റെ പേരിൽ പ്ലേ ഓഫ് കളിക്കേണ്ടിവന്ന ടീമാണ് മുൻ ചാമ്പ്യന്മാരായ ഇറ്റലി. പ്ലേ ഓഫ് സെമി ഫൈനലും ജയിച്ച് ഫൈനലിലെത്തിയ അസൂറികൾ പക്ഷേ ബോസ്നിയ-ഹെർസഗോവാനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. 48 ടീമുകൾ കളിക്കുന്ന ലോകകപ്പായിട്ടും ഇറ്റലിക്ക് യോഗമില്ലെന്ന് ചുരുക്കം. എന്നാൽ, പ്രാഥമിക യോഗ്യതാ റൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാത്ത സ്വീഡൻ ടിക്കറ്റെടുത്ത രീതി ഫുട്ബാൾ ലോകത്ത് കൗതുകവും തമാശയും ജനിപ്പിക്കുന്നതാണ്. യുവേഫ നാഷൻസ് ലീഗിലെ പ്രകടനവുമായി പ്ലേ ഓഫ് കളിച്ചാണ് ഇവരുടെ വരവ്. സ്വീഡനുൾപ്പെടുന്ന ലോകകപ്പ് യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പിൽ മികച്ച പ്രകടനം നടത്തിയ കൊസോവോക്കും പുറത്താവാനായിരുന്നു വിധി. ഈ രീതിക്കെതിരെ വിമർശനമുയർത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
യോഗ്യതാ റൗണ്ടിൽ അവസാന സ്ഥാനം
യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ബി ഗ്രൂപ്പിലായിരുന്നു സ്വീഡൻ. എതിരാളികളായി സ്വിറ്റ്സർലൻഡ്, കൊസോവോ, സ്ലോവേനിയ ടീമുകൾ. ആറ് മത്സരങ്ങളിൽ സ്വീഡിഷ് സമ്പാദ്യം രണ്ട് സമനിലയും നാല് തോൽവിയുമായി രണ്ട് പോയന്റ് മാത്രം. സ്വിറ്റ്സർലൻഡാണ് (14) ഗ്രൂപ് ചാമ്പ്യന്മാരായി നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയത്. 11 പോയന്റുള്ള കൊസോവോ രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് കടന്നു. ഇവർ പ്ലേ ഓഫ് സെമിയിൽ സ്ലോവാക്യയെ 4-3ന് വീഴ്ത്തി ഫൈനലിൽ. ഫൈനലിൽ പക്ഷേ തുർക്കിയയോട് ഒറ്റ ഗോളിന് തോറ്റ് ലോകകപ്പ് ടിക്കറ്റ് കിട്ടാതെ കൊസോവോ മടങ്ങി.
സ്വീഡൻ കയറിയ വഴി
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാംസ്ഥാനക്കാരായ 12 ടീമുകളെക്കൂടാതെ യുവേഫ നാഷൻസ് ലീഗ് വഴി നാല് ടീമുകൾക്കും പ്ലേ ഓഫിൽ കളിക്കാമെന്ന യുവേഫ തീരുമാനമാണ് സ്വീഡന് അനുഗ്രഹമായത്. നാഷൻസ് ലീഗിലെ പ്രധാന ഡിവിഷനിൽ നിന്ന് തരം താഴ്ത്തപ്പെട്ടവർ കളിക്കുന്ന ലീഗാണ് സി. ഇതിൽ സി1 ഗ്രൂപ്പിലായിരുന്നു സ്വീഡിഷ് പട. താരതമ്യേന ദുർബലരായ സ്ലോവാക്യ, എസ്തോണിയ, അസർബൈജാൻ എന്നിവരാണ് സി1ൽ ഇവർക്കൊപ്പമുണ്ടായിരുന്നത്. അങ്ങനെ സി1 ജേതാക്കളായി സ്വീഡൻ, സി2ൽ നിന്ന് റുമേനിയ, സി3ൽ നിന്ന് വടക്കൻ അയലൻഡ്, സി4ൽ നിന്ന് വടക്കൻ മാസിഡോണിയ ടീമുകൾ പ്ലേ ഓഫിലെത്തി. ലോകകപ്പ് ടിക്കറ്റിനായുള്ള പ്ലേ ഓഫിൽ സ്വീഡനെ കാത്തിരുന്നത് യുക്രെയ്നും പോളണ്ടുമായിരുന്നു. സെമിയിൽ യുക്രെയ്നെ 3-1നും ഫൈനലിൽ പോളണ്ടിനെ 3-2നും പരാജയപ്പെടുത്തി ഇവർ ലോകകപ്പിന്. പ്ലേ ഓഫിൽ കരുത്തരെ തോൽപിച്ചാണ് തങ്ങളുടെ വരവെന്ന് സ്വീഡന് ന്യായീകരിക്കാമെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന സ്ഥാനക്കാർ കടന്നുകൂടിയ രീതിയെ പരാമർശിച്ചാണ് പിൻവാതിൽ പ്രവേശനമെന്നാണ് മാധ്യമങ്ങൾ പരിഹസിക്കുന്നത്.
സ്വീഡനും ഇറ്റലിക്കും സംഭവിച്ചത്
സ്വീഡൻ (ഫിഫ റാങ്ക് 38)
യോഗ്യത റൗണ്ടിൽ ഒന്നും ജയിക്കാതെ രണ്ട് പോയന്റുമായി അവസാന സ്ഥാനം
നാഷൻസ് ലീഗിലെ പ്രകടനം വഴി പ്ലേ ഓഫിൽ
പ്ലേ ഓഫ് സെമിയിൽ യുക്രെയ്നെതിരെ ജയം
ഫൈനലിൽ തുർക്കിയയെ വീഴ്ത്തി ലോകകപ്പ് യോഗ്യത
ഇറ്റലി (ഫിഫ റാങ്ക് 12)
യോഗ്യതാ റൗണ്ടിൽ എട്ടിൽ ആറും ജയിച്ച് 18 പോയന്റുമായി രണ്ടാം സ്ഥാനം
രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ പ്ലേ ഓഫിൽ
പ്ലേ ഓഫ് സെമിയിൽ വടക്കൻ അയർലൻഡിനെതിരെ ജയം
ഫൈനലിൽ ബോസ്നിയയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

