ലാ ലിഗയിൽ അത്ലറ്റികോക്ക് ജയം; റയലിനും ബാഴ്സക്കും സമനില
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റികോ മഡ്രിഡും സെവിയ്യയും റയൽ ബെറ്റിസും ജയം കണ്ടപ്പോൾ കരുത്തരായ റയൽ മഡ്രിഡും ബാഴ്സലോണയും സമനില വഴങ്ങി. റയൽ മഡ്രിഡ് (54), സെവിയ്യ (50), റയൽ ബെറ്റിസ് (43), ബാഴ്സലോണ (39), അത് ലറ്റികോ മഡ്രിഡ് (39) എന്നിങ്ങനെയാണ് പോയന്റ് നില.
റയൽ മഡ്രിഡ് വിയ്യാറയലിനോടാണ് ഗോൾരഹിത സമനിലയിൽ കുടുങ്ങിയത്. ബാഴ്സലോണയെ എസ്പാന്യോൾ 2-2ന് സമനിലയിൽ തളച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷം ലൂക് ഡിയോങ് നേടിയ ഗോളിലാണ് ബാഴ്സ സമനിലയുമായി രക്ഷപ്പെട്ടത്. എസ്പാന്യോളിന്റെ രണ്ടു പേരും ബാഴ്സയുടെ ഒരാളും ചുവപ്പുകാർഡ് കണ്ടു.
റയൽ ബെറ്റിസ് 4-2ന് ലെവന്റെയെ തോൽപിച്ചപ്പോൾ സെവിയ്യ 2-0ത്തിന് എൽചെയെയാണ് കീഴടക്കിയത്. അവസാന ഘട്ടത്തിൽ മാരിയോ ഹോർമോസോ നേടിയ ഗോളിൽ അത്ലറ്റികോ മഡ്രിഡ് 4-3ന് ഗെറ്റാഫെയെ മറികടക്കുകയായിരുന്നു. നാടകീയമായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ആറു ഗോൾ പിറക്കുകയും അത്ലറ്റികോയുടെ ലൂയി സുവാരസ് പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. 58ാം മിനിറ്റിൽ അത്ലറ്റികോയുടെ ഫെലിപെ ചുവപ്പുകാർഡ് കണ്ട് കയറുകയും ചെയ്തു.

