നാല് കളിതോറ്റു; ഹബാസിനെ കൈവിട്ട് എ.ടി.കെ
text_fieldsകൊൽക്കത്ത: സ്വന്തം ടീമിനെ രണ്ടു തവണ കിരീട നേട്ടത്തിലേക്ക് നയിച്ച ഐ.എസ്.എല്ലിലെ ഏറ്റവും വിജയിച്ച പരിശീലകനായി വാഴ്ത്തപ്പെടുന്ന അേൻറാണിയോ ലോപസ് ഹബാസിനെ വിട്ട് എ.ടി.കെ-മോഹൻ ബഗാൻ. അടുത്തിടെ ടീമിെൻറ പ്രകടനം തീരെ താഴോട്ടുപോയതിനു പിന്നാലെയാണ് തലയുരുളൽ. താരത്തിളക്കത്തിൽ മുന്നിലായിട്ടും അവസാന നാലു കളികളിൽ ഒന്നുപോലും എ.ടി.കെ ജയിച്ചിരുന്നില്ല.
പോയൻറ് പട്ടികയിൽ ആദ്യ പകുതിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. ഇതോടെ സീസണിലെ ആദ്യ തലമാറ്റം ഉറപ്പാവുകയായിരുന്നു. ഇതുവരെയും അസിസ്റ്റൻറ് കോച്ചായിരുന്ന മാനുവൽ കാസ്കല്ലാനക്കാണ് താൽക്കാലിക ചുമതല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ മികവുകാട്ടിയിരുന്ന എ.ടി.കെയിൽനിന്ന് സെൻറർ ബാക്ക് സന്ദേശ് ജിങ്കാൻ ക്രൊയേഷ്യൻ ക്ലബ് സിബെനികിലേക്ക് പോയതോടെ ടീം ദൗർബല്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഹബാസിനു കീഴിൽ 2014ലും 2019ലുമാണ് ടീം ഐ.എസ്.എൽ ചാമ്പ്യന്മാരായത്.