ആസ്റ്റൺ വില്ല യൂറോപ ലീഗ് ഫൈനലിൽ; നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തിയത് നാലു ഗോളിന്
text_fieldsലണ്ടൻ: കിരീട വരൾച്ചയുടെ മൂന്ന് പതിറ്റാണ്ടുനീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല യൂറോപ ലീഗ് ഫൈനലിൽ. പ്രീമിയർ ലീഗ് ടീമുകൾ മാറ്റുരച്ച വില്ല പാർക്കിലെ സെമിയിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത നാലു ഗോളിന് തരിപ്പണമാക്കിയാണ് ആസ്റ്റൺ വില്ല യൂറോപ്യൻ കിരീടത്തിന് ഒരു ചുവട് അരികെയെത്തിയത്. ജർമൻ ക്ലബായ ഫ്രീബർഗാണ് കലാശപ്പോരിൽ വില്ലക്ക് എതിരാളികൾ.
ആദ്യ പാദത്തിലെ ഏക ഗോൾ ജയത്തിന്റെ ആവേശവുമായി ബൂട്ടുകെട്ടിയ നോട്ടിങ്ഹാം ഫോറസ്റ്റ് തുടക്കത്തിൽ പിടിച്ചുനിന്ന് കളിച്ചപ്പോൾ ആദ്യ അര മണിക്കൂറിൽ ഗോളൊന്നും പിറന്നില്ല. എന്നാൽ, ആദ്യ പകുതിക്ക് പിരിയാൻ ഏഴു മിനിറ്റ് ശേഷിക്കെ മനോഹരമായ ടീം വർക്കിനും ബുവെൻഡിയയുടെ കണ്ണഞ്ചും നീക്കത്തിനുമൊടുവിൽ വാട്കിൻസ് വില്ലക്ക് ആദ്യ ഗോളിന്റെ മധുരം നൽകി. സ്വന്തം ബോക്സിൽ അപകടമൊഴിവാക്കി ഫോറസ്റ്റ് താരം നീട്ടിയടിച്ച പന്തിൽ തലവെച്ച് വില്ലതാരം തിരിച്ചുപിടിച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. ബോക്സിൽ വട്ടമിട്ടുനിന്ന ഫോറസ്റ്റ് പ്രതിരോധത്തെ വട്ടംകറക്കിയായിരുന്നു കാലുകളിലെ മായാജാലവുമായി ബുവെൻഡിയ ഗോളുറച്ച പാസ് നൽകിയത്. ഇടവേള കഴിഞ്ഞ് വൈകാതെ പെനാൽറ്റിയിൽ പിറന്ന ഗോളിൽ വില്ല ലീഡ് പിടിച്ചു. ബുവെൻഡിയ ആയിരുന്നു സ്കോറർ. തുടർന്നങ്ങോട്ട് കളിയും മൈതാനവും ഭരിച്ച് വില്ലയുടെ പടയോട്ടമായിരുന്നു. അതുവരെയും നിറഞ്ഞുകളിച്ച മക്ഗിൻ മൂന്നു മിനിറ്റിനിടെ രണ്ടുവട്ടം വല കുലുക്കി സ്കോർ 4-0 ആക്കി. ഇരുപാദങ്ങളിലായി സ്കോർ 4-1ഉം. ആദ്യവസാനം കളി ഭരിച്ച വില്ല അർഹിച്ച ജയവും ഫൈനൽ പ്രവേശനവുമായിരുന്നു കഴിഞ്ഞ ദിവസത്തേത്.
44 വർഷത്തിനിടെ ടീമിനിത് ആദ്യ യൂറോപ്യൻ ഫൈനലാണ്. 1982ൽ യൂറോപ്യൻ കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയ ശേഷം ടീം ഇതുവരെ വൻകര പോരാട്ടങ്ങളിൽ കലാശപ്പോര് കളിച്ചിട്ടില്ല. മേയ് 20ന് ഇസ്തംബൂളിൽ നടക്കുന്ന ഫൈനലിൽ കപ്പുയർത്താനായാൽ പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാമതുള്ള ടീമിനൊപ്പം ഒരു ടീമിനുകൂടി അടുത്ത ചാമ്പ്യൻസ് ലീഗിൽ അവസരം ലഭിക്കുമെന്ന സാധ്യതയുമുണ്ട്. രണ്ടാം സെമിയിൽ ബ്രാഗയെ 2-1ന് വീഴ്ത്തി ഫ്രീബർഗും ഫൈനലിലെത്തി.
കോൺഫറൻസ് ലീഗിൽ ക്രിസ്റ്റൽ പാലസും ഫൈനലിലെത്തി. സെമി ഫൈനൽ രണ്ടാം പാദത്തിൽ ശാക്തർ ഡോനെറ്റ്സ്കിനെ 2-1നും ഇരുപാദ ശരാശരിയിൽ 5-2നും മറികടന്നായിരുന്നു ഫൈനൽ പ്രവേശനം.
ഇതോടെ, ചാമ്പ്യൻസ് ലീഗിന് പുറമെ യൂറോപ ലീഗ്, കോൺഫറൻസ് ലീഗ് എന്നീ മൂന്ന് യൂറോപ്യൻ കിരീടപ്പോരാട്ടങ്ങളിലും ഒരു ഇംഗ്ലീഷ് ടീം ഉണ്ടാകുമെന്നുറപ്പായി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിക്കെതിരെ ആഴ്സനലാണ് കിരീടപ്രതീക്ഷയുമായി ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

