യൂറോപ ലീഗിൽ ഇംഗ്ലീഷ് സെമി! ആസ്റ്റൺ വില്ലക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ
text_fieldsബർമിങ്ഹാം: വമ്പൻ മാർജിനിൽ ഇറ്റാലിയൻ ടീമായ ബൊളോണയെ രണ്ടാം പാദത്തിലും പടിയടച്ച ആസ്റ്റൺ വില്ലക്ക് യൂറോപ ലീഗിൽ ഇംഗ്ലീഷ് നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ. ഇരുപാദങ്ങളിലായി ഒന്നിനെതിരെ ഏഴു ഗോൾ അടിച്ചുകയറ്റിയാണ് മൂന്ന് സീസണിൽ രണ്ടാം സെമിയെന്ന നേട്ടത്തിലേക്ക് ഉനയ് എമറിയുടെ കളിസംഘം ടിക്കറ്റെടുത്തത്. കഴിഞ്ഞ ആഴ്ച ബൊളോണയുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന് ജയം പിടിച്ച് ആധികാരികമായി മുന്നിൽനിന്ന വില്ല സ്വന്തം തട്ടകമായ വില്ല പാർക്കിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത നാലു ഗോളിനും ജയിച്ചു. ഒലി വാട്കിൻസ്, എമി ബുവെൻഡിയ, മോർഗൻ റോജേഴ്സ് എന്നിവർ വല കുലുക്കിയ ആദ്യ പകുതിയിൽ കാൽ ഡസൻ ഗോളിന് മുന്നിൽ കയറിയ വില്ല രണ്ടാം പകുതിയിൽ എസ്റി കോൻസയിലൂടെ ഒരുവട്ടം കൂടി സ്കോർ ചെയ്താണ് പട്ടിക തികച്ചത്. വാട്കിൻസ് ആദ്യ പാദത്തിൽ രണ്ടു ഗോൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിയിരുന്ന വില്ല പ്രീമിയർ ലീഗിൽ നാലാം സ്ഥാനവുമായി അടുത്ത സീസണിലും യോഗ്യത ഉറപ്പാക്കാൻ അടുത്താണ്.
മൂന്ന് പതിറ്റാണ്ടായി വൻകര പോരിൽ പിറകിൽനിന്ന നോട്ടിങ്ഹാം ഫോറസ്റ്റ് തിരിച്ചുവരവ് രാജകീയമാക്കിയാണ് പോർച്ചുഗീസ് ടീം പോർട്ടോയെ കടന്ന് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ പാദം 1-1ന് സമനില പിടിച്ച ഫോറസ്റ്റുകാർ വ്യാഴാഴ്ച രാത്രി എതിരില്ലാത്ത ഒറ്റ ഗോളിനാണ് എതിരാളികളെ വീഴ്ത്തിയത്. സ്വന്തം മൈതാനത്ത് മോർഗൻ ഗിബ്സ് വൈറ്റാണ് ടീമിനായി വിജയഗോൾ കുറിച്ചത്. 1984ലാണ് ഫോറസ്റ്റ് അവസാനമായി ഒരു യൂറോപ്യൻ സെമി കളിച്ചത്, യുവേഫ കപ്പിൽ. മറ്റു മത്സരങ്ങളിൽ ബുണ്ടസ് ലിഗ ടീമായ ഫ്രീബർഗ് സ്പാനിഷ് ടീം സെൽറ്റ വിഗോയെ വീഴ്ത്തി സെമിയിലെത്തി. ആദ്യ പാദം എതിരില്ലാത്ത മൂന്നു ഗോളിന് കടന്ന ടീം രണ്ടാം പാദം 3-1നും ജയിച്ചാണ് അവസാന നാലിലെത്തിയത്. അവസാന മൂന്നു കളികളിൽ ഫ്രീബർഗ് എതിരാളികൾക്കുമേൽ 11 ഗോളുകളാണ് അടിച്ചുകയറ്റിയത്.
നാലാം ക്വാർട്ടറിൽ റയൽ ബെറ്റിസിനെ രണ്ടിനെതിരെ നാലു ഗോളിന് മറികടന്ന് ബ്രാഗയും സെമിയിലെത്തി. ആദ്യ അര മണിക്കൂറിനിടെ രണ്ടു ഗോളടിച്ച് മുന്നിൽ നിന്ന ശേഷമാണ് നാലെണ്ണം വാങ്ങി സ്പാനിഷ് ടീം തോൽവി ചോദിച്ചുവാങ്ങിയത്.
ഇതോടെ, ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് ചാമ്പ്യൻഷിപ്പുകളിലൊന്നിലും ഒരു ഇറ്റാലിയൻ ടീമുമില്ലെന്നത് ദുരന്തമായി. ഏറ്റവുമൊടുവിൽ ബൊളോണയും ഫിയോറന്റീനയും തോറ്റുമടങ്ങിയതാണ് വില്ലനായത്. ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് കടന്ന ഏക ടീമായ അറ്റ്ലാന്റ പക്ഷേ, ബുണ്ടസ് ലിഗ അതികായരായ ബയേൺ മ്യൂണിക്കിനോട് 10-2ന് സമാനതകളില്ലാത്ത തോൽവി ഏറ്റുവാങ്ങി മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

