താരക്കൈമാറ്റത്തിൽ കോളടിച്ച് ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും
text_fieldsറാഷ്ഫോഡ്, അസെൻസിയോ, നികൊ ഗൊൺസാലസ്
ലണ്ടൻ: യൂറോപ്പിൽ ട്രാൻസ്ഫർ സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചതോടെ വമ്പന്മാരെ വലവീശിപ്പിടിച്ച് ടീമുകൾ. 6.18 കോടി ഡോളർ (538 കോടി രൂപ) നൽകി പോർട്ടോ മിഡ്ഫീൽഡർ നികൊ ഗൊൺസാലസിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിച്ചതാണ് വൻ കൈമാറ്റങ്ങളിലൊന്ന്.
ഈജിപ്ത് മുന്നേറ്റത്തിലെ ഉമർ മർമൂഷ്, പ്രതിരോധ താരം അബ്ദുഖോദിർ ഖുസാനോവ്, ക്രിസ്റ്റ്യൻ മക്ഫർലെയിൻ, വിട്ടോർ റീസ് എന്നിങ്ങനെ യൂറോപ്യൻ സോക്കറിലെ വലിയ പേരുകാരാണ് പുതിയ സീസണിൽ ടീം കരുത്തുകൂട്ടാൻ എത്തുന്നത്. അതേസമയം, ടീം ക്യാപ്റ്റൻ കൈൽ വാക്കർ എ.സി മിലാനിലേക്ക് കൂടുമാറിയിട്ടുണ്ട്.
റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലെ മുൻനിര താരം മാർകോ അസൻസിയോ വായ്പാടിസ്ഥാനത്തിൽ പി.എസ്.ജിയിൽനിന്ന് ആസ്റ്റൺ വില്ലയിലെത്തി. മെസ്സി, നെയ്മർ, എംബാപ്പെ ത്രയം ഒന്നിച്ച് കൂടുമാറിയത് ക്ഷീണമായ പി.എസ്.ജി യുവനിരയെ എത്തിച്ച് ടീം ഭദ്രമാക്കുന്നതിനിടെയാണ് പണം കണ്ടെത്താനായി കോലോ മുലാനി (യുവന്റസ്), മിലാൻ സ്ക്രിനിയർ (ഫെനർബാഷെ) എന്നിവർക്കൊപ്പം അസെൻസിയോയെയും വിട്ടത്.
നാപോളിയുടെ ജോർജിയൻ ഫോർവേഡ് ക്വിച്ച ക്വരറ്റസ്ഖെലിയ പി.എസ്.ജിയിൽ എത്തിയ പ്രമുഖനാണ്. ബയേൺ മ്യൂണിക് മുന്നേറ്റത്തിലെ മാതിസ് ടെൽ ടോട്ടൻഹാമിൽ എത്തിയപ്പോൾ വില്ല നടത്തിയ വൻ പരീക്ഷണങ്ങളും ശ്രദ്ധേയമായി. നീണ്ടകാലം യുനൈറ്റഡ് മുന്നേറ്റം ഭരിച്ച മാർകസ് റാഷ്ഫോഡിനെ വായ്പക്ക് ടീമിലെത്തിച്ചതാണ് അതിലൊന്ന്. അതിനിടെ, സൗദി ലീഗിലെത്തി കുറച്ചുമാത്രം കളിച്ച നെയ്മർ അൽഹിലാൽ വിട്ട് ജന്മനാട്ടിലെ സാന്റോസിനൊപ്പം ചേർന്നതും ശ്രദ്ധേയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.