ഏഷ്യൻ കപ്പ് ഫുട്ബാൾ: നാളെ മുതൽ വീണ്ടും ടിക്കറ്റുകൾ
text_fieldsദോഹ: ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള മാച്ച് ടിക്കറ്റുകൾ ആദ്യഘട്ടത്തിൽ സ്വന്തമാക്കാൻ കഴിയാത്ത കാണികൾക്കായി വീണ്ടുമൊരു അവസരമായി രണ്ടാം ഘട്ട ടിക്കറ്റ് വിൽപന. തിങ്കളാഴ്ച മുതൽ ഖത്തറിലെയും മറ്റു വിദേശരാജ്യങ്ങളിലെയും കാണികൾക്ക് ടിക്കറ്റുകൾ സ്വന്തമാക്കാമെന്ന് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ടിക്കറ്റുകൾ വിൽപന നടത്തിയ http://asiancup2023.qa എന്ന ലിങ്ക് വഴിതന്നെ തിങ്കളാഴ്ച മുതലും ടിക്കറ്റുകൾ വാങ്ങാം. ഒക്ടോബർ 10ന് ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ ദിവസങ്ങൾക്കുള്ളിലാണ് നീക്കിവെച്ച ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. ഉദ്ഘാടന, സമാപന മത്സരങ്ങൾ ഉൾപ്പെടെ ഒന്നര ലക്ഷം ടിക്കറ്റുകൾ ഏഴു ദിവസംകൊണ്ട് വിൽപന നടത്തി. 24 മണിക്കൂറിനുള്ളിൽതന്നെ വൻകരയിലെ വിവിധ രാജ്യങ്ങളിൽനിന്ന് ടിക്കറ്റിനായി മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 81,209 ടിക്കറ്റുകൾ ആദ്യ ദിവസം വിറ്റഴിഞ്ഞു.
തുടർന്നുള്ള ഒരാഴ്ചകൊണ്ട് ശേഷിച്ചവയും തീർന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാർ ആതിഥേയരായ ഖത്തറിൽനിന്നാണ്. അയൽരാജ്യമായ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതായുള്ളത് ഇന്ത്യക്കാരും. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന വൻകരയുടെ ഫുട്ബാൾ മേളയിൽ 24 ടീമുകളാണ് മാറ്റുരക്കുന്നത്. ലോകകപ്പിന്റെ ഏഴു വേദികൾ ഉൾപ്പെടെ ഒമ്പതു സ്റ്റേഡിയങ്ങളിലായി 30 ദിവസം നീണ്ടുനിൽക്കുന്ന മിന്നും പോരാട്ടത്തിനാവും ഖത്തർ വേദിയാവുന്നത്.
51 മാച്ചുകൾ ഉൾപ്പെടുന്ന ടൂർണമെന്റിൽ ഗ്രൂപ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലെയും മാച്ച് ടിക്കറ്റുകൾ ആദ്യഘട്ട വിൽപനയിൽ ലഭ്യമാക്കിയിരുന്നു. ഗ്രൂപ് റൗണ്ടിൽ 25 റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയെന്നതും കാണികളെ ആകർഷിച്ചു. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-ലബനാൻ ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റിന് 30 റിയാൽ മുതലാണ് തുടങ്ങുന്നത്.