ഏഷ്യൻ കപ്പ് ഫുട്ബാൾ സ്ലോഗൻ: വോട്ടുചെയ്ത് കളികാണാം
text_fieldsദോഹ: ജനുവരിയിൽ കിക്കോഫ് കുറിക്കുന്ന വൻകരയുടെ ഫുട്ബാൾ മേളക്ക് ദിവസങ്ങൾ എണ്ണി കാത്തിരിക്കവേ ആരാധകർക്ക് ടൂർണമെൻറ് മുദ്രാവാക്യം തിരഞ്ഞെടുക്കാൻ അവസരം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അവസാന റൗണ്ടിലേക്ക് പരിഗണിച്ച 11ൽ ഒരെണ്ണം ഓൺലൈൻ വഴി വോട്ട് ചെയ്ത് തിരഞ്ഞെടുക്കാനാണ് ഇപ്പോൾ അവസരം ഒരുക്കിയത്. വിജയികളെ കാത്തിരിക്കുന്നത് ജനുവരി 12ന് ലുസൈൽ സ്റ്റേഡിയം സാക്ഷിയാവുന്ന ഖത്തർ -ലബനാൻ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ്.
www.the-afc.com എന്ന വെബ്സൈറ്റ് വഴിയുള്ള ലിങ്കിൽ പ്രവേശിച്ച് മികച്ച സ്ലോഗന് വോട്ട് ചെയ്യുകയും ഏഷ്യൻ കപ്പ് ഫുട്ബാൾ സംബന്ധിച്ച അറിവ് പരീക്ഷിക്കുന്ന ചോദ്യോത്തര മത്സരത്തിൽ പങ്കെടുത്തുംകൊണ്ട് നടപടി പൂർത്തിയാക്കാം. സെപ്റ്റംബർ 22 വരെയാണ് ഓൺലൈൻ വോട്ടിങ്. ഏഷ്യൻ കപ്പിലേക്കുള്ള നൂറുദിന കൗണ്ട് ഡൗൺ ആരംഭിക്കുന്ന ഒക്ടോബർ നാലിന് ടൂർണമെൻറിന്റെ ഔദ്യോഗിക മുദ്രാവാക്യം പ്രഖ്യാപിക്കും.
ചാലഞ്ച് ദി ലിമിറ്റ്, ഡ്രൈവിങ് ഏഷ്യ ഫോർവേഡ്, സ്റ്റാൻഡിങ് ടുഗെദർ, ബിയോണ്ട് ഫുട്ബാൾ, ഹല ഏഷ്യൻ, ഫീൽ ദി ബീറ്റ്, വെൽകം ബാക്ക്, മർഹബ ഏഷ്യ, ഹോം ഓഫ് ഏഷ്യ, വെൽകമിങ് യു ബാക്ക് എഗെയ്ൻ എന്നിവയാണ് അവസാന റൗണ്ടിലുള്ള സ്ലോഗനുകൾ. ഇവയിൽ നിന്നും ഒരെണ്ണത്തിന് മാത്രം വോട്ടു ചെയ്യാനാണ് ലോകമെങ്ങുമുള്ള ആരാധകർക്ക് അവസരം നൽകുന്നത്. 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ മാറ്റുരക്കുന്ന വൻകരയുടെ മേളക്ക് 2024 ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിലാണ് കിക്കോഫ് കുറിക്കുന്നത്. ഫെബ്രുവരി 10ന് ഇതേ വേദിയിൽ തന്നെയാണ് ഫൈനൽ പോരാട്ടവും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

