ഗണ്ണേഴ്സിന് കണ്ണീർ മടക്കം; ചരിത്രത്തിലെ വലിയ അട്ടിമറിയിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റ് പുറത്ത്
text_fieldsലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ (കാരബാവോ കപ്പ്) 66 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് ഫുട്ബോൾ ലോകം. നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണലിനെ പ്രീ-ക്വാർട്ടറിൽ അട്ടിമറിച്ച് ഇംഗ്ലണ്ടിലെ നാലാം ഡിവിഷൻ ക്ലബ്ബായ ഫ്ലീറ്റ്വുഡ് ടൗൺ ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ സമനിലയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-3) ആഴ്സണൽ അടിയറവ് പറഞ്ഞത്.
അഞ്ച് മാസം മുൻപ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കിരീടം നഷ്ടമായ ആഴ്സണലിന്, പഴയ തട്ടകത്തിന്റെ പേരുപേറുന്ന ഫ്ലീറ്റ്വുഡിന്റെ 5,300 പേർ മാത്രം ഉൾക്കൊള്ളുന്ന കൊച്ചു 'ഹൈബറി സ്റ്റേഡിയ'ത്തിലും ഷൂട്ടൗട്ട് ശാപം ആവർത്തിക്കുകയായിരുന്നു. ഇംഗ്ലീഷ് ഫുട്ബോൾ റാങ്കിംഗിൽ ആഴ്സണലിനേക്കാൾ 84 സ്ഥാനങ്ങൾ താഴെയുള്ള ലീഗ് ടുവിലെ 18-ാം സ്ഥാനക്കാരാണ് ഫ്ലീറ്റ്വുഡ് ടൗൺ.
പത്ത് പേരായി ചുരുങ്ങി ആഴ്സണൽ; 16-കാരന് ചുവപ്പ് കാർഡ്
ഡക്ലാൻ റൈസ്, ഗബ്രിയേൽ, ഡേവിഡ് രായ തുടങ്ങിയ ചില പ്രധാന താരങ്ങൾക്ക് പരിശീലകൻ മൈക്കൽ ആർട്ടെറ്റ വിശ്രമം അനുവദിച്ചെങ്കിലും പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തിയാണ് ആഴ്സണൽ ആദ്യ ഇലവൻ ഇറക്കിയത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഫുൾഹാമിൽ നിന്ന് ലോണിലെത്തിയ ആരോൺ ലൂപാലോ-ബി നേടിയ തകർപ്പൻ ഗോളിലൂടെ ഫ്ലീറ്റ്വുഡ് ലീഡെടുക്കുകയിരുന്നു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിനെ കളത്തിലിറക്കിയ ആഴ്സണൽ 50-ാം മിനിറ്റിൽ വിക്ടർ ഗ്യോക്കറസിലൂടെ സമനില പിടിച്ചു. ഗോൾ നേടാൻ ആഴ്സണൽ കിണഞ്ഞുശ്രമിക്കുന്നതിനിടെ, 85-ാം മിനിറ്റിൽ 16 വയസ്സുകാരൻ പ്രതിഭ മാക്സ് ഡൗമാൻ തന്നെ വീഴ്ത്തിയ എതിർതാരത്തെ ചവിട്ടിയതിന് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. കളംവിട്ട താരത്തെ കടുത്ത അമർഷത്തോടെയാണ് ആർട്ടെറ്റ ശാസിച്ചത്. രണ്ടാം മിനിറ്റിൽ സ്റ്റേഡിയത്തിന് മുകളിലൂടെ ഡ്രോൺ പറന്നതിനെത്തുടർന്ന് കളി എട്ട് മിനിറ്റോളം നിർത്തിവെക്കേണ്ടി വന്നതും മത്സരത്തിലെ കൗതുകക്കാഴ്ചയായി.
ഷൂട്ടൗട്ടിൽ ബ്രൂണോയ്ക്ക് പിഴച്ചു; ഫ്ലീറ്റ്വുഡിന് ചരിത്ര രാത്രി
ഷൂട്ടൗട്ടിൽ ഫ്ലീറ്റ്വുഡ് തങ്ങളുടെ അഞ്ച് കിക്കുകളും കൃത്യമായി വലയിലെത്തിച്ചു. എന്നാൽ ആഴ്സണലിനായി മൂന്നാമത്തെ കിക്കെടുത്ത മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാറസിന്റെ ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ ജേ ലിഞ്ച് ഫ്ലീറ്റ്വുഡിന്റെ വിജയശില്പിയായി. ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയ്ക്കെതിരായ ബ്രസീലിന്റെ തോൽവിയിലും പെനാൽറ്റി പാഴാക്കിയ താരമാണ് ബ്രൂണോ.
"ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാത്രിയാണിത്. സ്വന്തം നാട്ടിലെത്തിയ പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ വീഴ്ത്താൻ കഴിഞ്ഞത് അവിശ്വസനീയമാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച ഗ്രിംസ്ബിയുടെ പ്രകടനമാണ് ഞങ്ങൾക്ക് പ്രചോദനമായത്."
— ഫ്ലീറ്റ്വുഡ് പരിശീലകൻ മാറ്റ് ലോലർ പ്രതികരിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബ് വമ്പന്മാരെ വീഴ്ത്തിയതോടെ ആയിരക്കണക്കിന് ഹോം ആരാധകരാണ് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ആഘോഷം നടത്തിയത്. പ്രമുഖ ഇംഗ്ലണ്ട് താരം ജാമി വാർഡി പന്തുതട്ടി ഉയർന്നുവന്ന ക്ലബ്ബ് കൂടിയാണ് തീരദേശ പട്ടണമായ ഫ്ലീറ്റ്വുഡ്. മറ്റൊരു മത്സരത്തിൽ പീറ്റർബറോയെ 2-0 ന് തോൽപ്പിച്ച് മൂന്നാം ഡിവിഷൻ ക്ലബ്ബായ ബ്രാഡ്ഫോർഡ് സിറ്റിയും ക്വാർട്ടർ ഫൈനലിൽ കടന്നു. ബുധനാഴ്ച നടക്കുന്ന മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റനെയും ലിവർപൂൾ ചെൽസിയെയും നേരിടും.

