Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്സയ്ക്ക് പൂട്ടിട്ട്...

ബാഴ്സയ്ക്ക് പൂട്ടിട്ട് അത്‌ലറ്റികോ; ജൂലിയൻ അൽവാരസിനെ റാഞ്ചാൻ ആഴ്സണൽ

text_fields
bookmark_border
ബാഴ്സയ്ക്ക് പൂട്ടിട്ട് അത്‌ലറ്റികോ; ജൂലിയൻ അൽവാരസിനെ റാഞ്ചാൻ ആഴ്സണൽ
cancel

ലണ്ടൻ: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന്റെ അർജന്റീനിയൻ സൂപ്പർ താരം ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണൽ രംഗത്ത്. താരത്തെ ക്യാമ്പ് നൗവിൽ എത്തിക്കാനുള്ള ബാഴ്സലോണയുടെ നീക്കങ്ങൾക്ക് അത്‌ലറ്റികോ മാഡ്രിഡ് തടയിട്ടതിന് പിന്നാലെയാണ് ഗണ്ണേഴ്സ് ചർച്ചകൾക്ക് തുടക്കമിടുന്നത്.

ഈ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അൽവാരസ്. സ്പാനിഷ് ചാമ്പ്യന്മാർക്കൊപ്പം ചേരാനാണ് താരത്തിനും താല്പര്യമെങ്കിലും, ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയിലെത്താനായിട്ടില്ല. 100 ദശലക്ഷം യൂറോയുടെ (ഏകദേശം 86.4 ദശലക്ഷം പൗണ്ട്) ബാഴ്സയുടെ ആദ്യ വാഗ്ദാനം അത്‌ലറ്റികോ നിരസിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന് പിന്നാലെയുള്ള ബാഴ്സയുടെ പരസ്യമായ നീക്കങ്ങളിൽ അത്‌ലറ്റികോയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇതോടെയാണ് പ്രീമിയർ ലീഗിലേക്ക് താരത്തെ തിരികെയെത്തിക്കാൻ ലക്ഷ്യമിട്ട് ആഴ്സണൽ രംഗപ്രവേശം ചെയ്തിരിക്കുന്നത്. അൽവാരസിന്റെ ഏജന്റുമായി ആഴ്സണൽ ഇതിനകം ആശയവിനിമയം നടത്തിയതായും, അത്‌ലറ്റികോ മാഡ്രിഡുമായി ഉടൻ ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുമെന്നുമാണ് വിവരം. 150 ദശലക്ഷം യൂറോയാണ് (129.6 ദശലക്ഷം പൗണ്ട്) അത്‌ലറ്റികോ താരത്തിനായി ആവശ്യപ്പെടുന്നത്. ഈ ഭീമമായ തുക നൽകാൻ ആഴ്സണലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രീമിയർ ലീഗ് കിരീടം ചൂടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയോട് പെനാൽറ്റിയിൽ പരാജയപ്പെട്ട ആഴ്സണൽ, മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്തുപകരാനാണ് അൽവാരസിനെ ലക്ഷ്യമിടുന്നത്. വിക്ടർ ഗ്യോകെരെസ്, എബെറെച്ചി ഈസ്, നോണി മദുവെകെ എന്നിവരെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ആഴ്സണലിന്, സ്ഥിരതയുള്ള ഒരു ഗോൾവേട്ടക്കാരനെയാണ് ഇപ്പോൾ ആവശ്യം. മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ച പരിചയമുള്ള അൽവാരസ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം, അൽവാരസിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ഔദ്യോഗിക നിലപാട്. 'രണ്ടാഴ്ച മുമ്പ് പി.എസ്.ജി, കഴിഞ്ഞ ആഴ്ച ബാഴ്സലോണ, ഇപ്പോൾ ആഴ്സണൽ. അടുത്ത സീസണിലും ജൂലിയൻ ഞങ്ങൾക്കൊപ്പമുണ്ടാകും' എന്ന് ക്ലബ്ബ് വൃത്തങ്ങൾ പ്രതികരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, അൽവാരസ് ക്ലബ്ബ് വിട്ടേക്കുമെന്ന കണക്കുകൂട്ടലിൽ ഗലാറ്റസറെയുടെ സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ ടീമിലെത്തിക്കാൻ അത്‌ലറ്റികോ ശ്രമങ്ങൾ ആരംഭിച്ചതായും വാർത്തകളുണ്ട്. നാപ്പോളിയിൽ നിന്നുള്ള ലോൺ കാലയളവിന് ശേഷം 75 ദശലക്ഷം യൂറോയ്ക്ക് (63 ദശലക്ഷം പൗണ്ട്) ഗലാറ്റസറെയിൽ സ്ഥിര കരാറിലെത്തിയ ഒസിംഹെൻ, തുർക്കിഷ് ക്ലബ്ബിനായി രണ്ട് സീസണുകളിൽ നിന്ന് 74 മത്സരങ്ങളിൽ കളിലിറങ്ങി 59 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalatletico madridtransfer marketjulian alvarezBarcelona
News Summary - Arsenal ready to open Julian Alvarez talks with Atletico Madrid
Next Story