കേരളത്തിന്‍റെ 'അർജുനാസ്ത്രം'
text_fields1. അർജുൻ ജയരാജിന്റെ പിതാവ് ജയരാജ്, മാതാവ് ജ്യോതി, സഹോദരി അഞ്ജു എന്നിവർ 2. അർജുൻ ജയരാജ്
മഞ്ചേരി: തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ കണക്ക് അധ്യാപികയായ ജ്യോതി മകനെ കണക്കിന്‍റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിനിടെ അവൻ പഠിപ്പിച്ചത് കാൽപന്തുകളിയുടെ കണക്കുകൂട്ടലുകളായിരുന്നു. പി.ടി പിരിയഡുകളിൽനിന്ന് പന്തുതട്ടി തുടങ്ങിയ അർജുൻ ജയരാജ് ഇന്ന് സന്തോഷ് ട്രോഫിയിൽ കേരള ടീമിന്‍റെ മധ്യനിരയിലെ മിന്നും താരമാണ്.
വീട്ടിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്താണ് മാനവേദൻ യു.പി സ്കൂളും ചേർന്നുള്ള ഗ്രൗണ്ടും. സ്കൂൾ വിട്ടാൽ നേരെ എത്തുന്നത് അവിടേക്കായിരുന്നു. വേനലവധിക്കാലത്തെ ഫുട്ബാൾ ക്യാമ്പിലൂടെയാണ് അർജുന്‍റെ പ്രതിഭ കായികാധ്യാപൻ മനോജ് മാഷ് തിരിച്ചറിയുന്നത്. ഹൈസ്കൂൾ പഠനം മലപ്പുറം എം.എസ്.പിയിലേക്ക് പറിച്ചുനട്ടതോടെ വളർച്ച വേഗത്തിലായി.
2012ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധയാകർശിക്കുന്നത്. പുണെ എഫ്.സിയിലൂടെയായിരുന്നു പ്രഫഷനൽ ഫുട്ബാളിലെ അരങ്ങേറ്റം. ഗോകുലം എഫ്.സിക്കായി കളിച്ചിട്ടുണ്ടെങ്കിലും സന്തോഷ് ട്രോഫിയിൽ പന്തുതട്ടുന്നത് ആദ്യം. ടീം ഫൈനലിൽ പ്രവേശിച്ചതോടെ ആഹ്ലാദത്തിലാണ് തൃക്കലങ്ങോട്ടെ 'ശ്രീശൈലം' വീട്. സെമിയിൽ ഗോൾ കൂടി നേടിയതോടെ സന്തോഷമുണ്ടെന്നും കപ്പ് നേടുമെന്നാണ് വിശ്വാസമെന്നും പിതാവ് ജയരാജ് പറഞ്ഞു.
സ്വന്തം നാട്ടുകാർക്കും വീട്ടുകാർക്കും കൂട്ടുകാർക്ക് മുന്നിലും കളിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അത് അവനിൽ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും മാതാവ് ജ്യോതി പറഞ്ഞു. ഓരോ മത്സരം നടക്കുമ്പോഴും ഞാൻ അവനോട് ഗോൾ അടിക്കാൻ പറയാറുണ്ട്. എന്നാൽ, ഞാൻ ഗോളടിക്കുന്നതിനേക്കാൾ ടീം വിജയിക്കുന്നതിലാണ് സന്തോഷമെന്ന് അവൻ പറഞ്ഞതായി സഹോദരി അഞ്ജു പറഞ്ഞു.
അർജുന്‍റെ ഭാര്യ വർഷയും പിന്തുണയുമായി ഒപ്പമുണ്ട്. കുടുംബ സമേതം ഫൈനൽ കാണാനായി തിങ്കളാഴ്ച പയ്യനാട്ടെ ഗാലറിയിലുണ്ടാകും. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് ജയരാജ്. തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ പ്രധാനാധ്യാപികയാണ് ജ്യോതി.