Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ കളി കാണണം;...

മെസ്സിയുടെ കളി കാണണം; അർജന്റീന മത്സരങ്ങളുടെ ടിക്കറ്റിന് വൻ ഡിമാൻഡ്

text_fields
bookmark_border
മെസ്സിയുടെ കളി കാണണം; അർജന്റീന മത്സരങ്ങളുടെ ടിക്കറ്റിന് വൻ ഡിമാൻഡ്
cancel
camera_alt

അ​ർ​ജ​ന്റീ​ന​യു​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പ് ജ​ഴ്സി​യി​ൽ ല​യ​ണ​ൽ മെ​സ്സി

ദോഹ: ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ഹാരി കെയ്ൻ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പെ... അങ്ങനെ ഒരുപിടി സൂപ്പർതാരങ്ങളാണ് ഖത്തറിൽ പന്തുതട്ടാനെത്തുന്നത്. എന്നാൽ, മാച്ച് ടിക്കറ്റ് വിൽപനയുടെ മുക്കാൽ ഭാഗവും പൂർത്തിയായപ്പോൾ പോരാട്ടങ്ങളുടെ പോരാട്ടമാവുന്നത് അർജന്‍റീനയുടേതാണ്.

കോപ അമേരിക്ക കിരീടനേട്ടത്തിന്‍റെ തിളക്കത്തിൽ ലോകകപ്പിനെത്തുന്ന ലയണൽ മെസ്സിയും സംഘവും ഗ്രൂപ് റൗണ്ടിൽ ബൂട്ടുകെട്ടുമ്പോൾ ഗാലറിമാത്രമല്ല, സ്റ്റേഡിയം പരിസരവും ഫാൻസോണും നിറയുമെന്നുറപ്പായി. ടിക്കറ്റ് വിൽപന ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ അർജന്‍റീന മത്സരങ്ങൾക്കാണെന്ന് ഫിഫ വെളിപ്പെടുത്തുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി അർജന്‍റീന മത്സരത്തിനുള്ള ആരാധകരുടെ ഇടി ഫിഫയെപ്പോലും ഞെട്ടിച്ചെന്നാണ് ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ കാതിർ കഴിഞ്ഞ ദിവസം പറഞ്ഞത്. ആഗസ്റ്റ് 16ന് അവസാനിച്ച മൂന്നാംഘട്ട വിൽപനയിലും റീസെയിൽ പ്ലാറ്റ്ഫോം വഴിയുള്ള പുനർവിൽപനയിലും അർജന്‍റീനയുടെ മാച്ച് ടിക്കറ്റുകൾ കിട്ടാക്കനിയായി. തുടക്കം മുതലേ അർജന്‍റീന-മെക്സികോ മാച്ചിനായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ.

ആരാധകപ്രവാഹം മനസ്സിലാക്കിയാണ് ഏറ്റവും കൂടുതൽ ഇരിപ്പിടശേഷിയുള്ള ലുസൈൽ സ്റ്റേഡിയംതന്നെ ഗ്രൂപ് റൗണ്ടിലെ അർജന്‍റീന മത്സരങ്ങൾക്ക് വേദിയായി തിരഞ്ഞെടുത്തത്. നവംബർ 22നുള്ള അർജന്‍റീന-സൗദി അറേബ്യ, നവംബർ 26ന്‍റെ അർജന്‍റീന-മെക്സികോ (ഖത്തർ സമയം രാത്രി 10) മത്സരങ്ങൾക്ക് 80,000 ഇരിപ്പിടശേഷിയുള്ള ലുസൈൽ സ്റ്റേഡിയം വേദിയാവും. നവംബർ 30ന് നടക്കുന്ന പോളണ്ടിനെതിരായ മത്സരത്തിന് സ്റ്റേഡിയം 974 ആണ് വേദി.

ഗ്രൂപ് റൗണ്ടിൽ ബ്രസീലിന്‍റെ രണ്ടു മത്സരങ്ങൾക്കും ലുസൈൽ വേദിയാവുന്നുണ്ട്. ഈ പോരാട്ടങ്ങളുടെ ടിക്കറ്റിനും വൻ ഡിമാൻഡാണ്. ബ്രസീൽ-സെർബിയ (നവം. 24), പോർചുഗൽ-ഉറുഗ്വായ് (28), സൗദി-മെക്സികോ (30), കാമറൂൺ-ബ്രസീൽ (ഡിസം. രണ്ട്) എന്നിങ്ങനെയാണ് ലുസൈലിലെ മറ്റു ഗ്രൂപ് പോരാട്ടങ്ങൾ. ഏറ്റവും ആരാധകരുള്ള ടീമുകളുടെ പരമാവധി മത്സരങ്ങൾക്ക് ലുസൈലിനെ വേദിയാക്കിയായിരുന്നു ഫിഫ ഫിക്സ്ചറും.

ലാറ്റിനമേരിക്ക, യൂറോപ്പ്, ഏഷ്യ രാജ്യങ്ങൾക്കൊപ്പം ആതിഥേയരായ ഖത്തറിൽനിന്നും അർജന്‍റീന മത്സരങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നതാണ് ശ്രദ്ധേയം. ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ലാസ്റ്റ് മിനിറ്റ് സെയിൽ എന്ന അവസാനഘട്ട വിൽപനക്ക് സെപ്റ്റംബർ അവസാന വാരത്തിൽ തുടക്കംകുറിക്കുമെന്നാണ് സൂചന.

ലോകകപ്പ് ഫൈനൽ ദിനം വരെ ഈ റൗണ്ടിലെ ടിക്കറ്റ് വിൽപന തുടരും. 32 ലക്ഷം ടിക്കറ്റുകളാണ് ലോകകപ്പ് മത്സരങ്ങൾക്കായുള്ളത്. ഇവയിൽ വലിയൊരു പങ്ക് ഫിഫ സ്പോൺസർമാർക്കായി മാറ്റിവെക്കും. അർജന്‍റീന, മെക്സികോ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയതെന്നാണ് റിപ്പോർട്ട്. ഖത്തർ, അമേരിക്ക, ഇംഗ്ലണ്ട്, സൗദി, യു.എ.ഇ, ഫ്രാൻസ്, ബ്രസീൽ, ജർമനി രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.

Show Full Article
TAGS:Lionel Messi qatarworldcup 
News Summary - Argentinas trend shocked FIFA too
Next Story