ഇതെന്ത് ബ്രസീൽ! മഞ്ഞപ്പടയെ തകർത്തുവാരി അർജന്റീനയുടെ ഇളമുറസംഘം
text_fieldsബ്രസീലിനെതിരെ ഗോൾ നേടിയ അർജന്റീന ടീമിന്റെ ആഹ്ലാദം
കറബോബോ (വെനിസ്വേല): അണിനിരന്നത് ഇളമുറക്കാരെങ്കിലും ഇരുരാജ്യങ്ങൾക്കുമിടയിൽ ഫുട്ബാൾ ചരിത്രം കണ്ട ഏറ്റവും ഏകപക്ഷീയമായ പോരാട്ടങ്ങളിലൊന്നായിരുന്നു അത്. പാരമ്പര്യവും പകിട്ടും ഒത്തിണങ്ങിയ ബ്രസീലിന്റെ യുവസംഘം ഒന്നു പ്രതിരോധിക്കാൻ പോലുമാവാതെ തകർന്നടിഞ്ഞുപോയ മൈതാനത്ത് വിസ്മയവിജയം കുറിച്ച് അർജന്റീന. കോപ അമേരിക്ക അണ്ടർ 20 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്രസീലിന്റെ മഞ്ഞപ്പടയെ അർജന്റീന നിലംപരിശാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരം ക്ലോഡിയോ എച്ചെവെരി നയിച്ച അർജന്റീന ടീം കളിയുടെ സമസ്ത മേഖലകളിലും ചിരവൈരികളെ നിഷ്പ്രഭമാക്കുകയായിരുന്നു.
ഫുട്ബാളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ കളിക്കമ്പക്കാരെ ഏറെ ആകർഷിക്കുന്നവയാണ്. ഏതു തലത്തിലുള്ള ബ്രസീൽ-അർജന്റീന പോരാട്ടവും തുല്യശക്തികളുടെ ആവേശനിമിഷങ്ങൾ കാഴ്ചവെക്കുന്നവയാണെങ്കിൽ വെനിസ്വേലയിൽ ഇന്നുപുലർച്ചെ നടന്ന കളി തീർത്തും ഏകപക്ഷീയമായിരുന്നു. അർജന്റീനയുടെ ആക്രമണനീക്കങ്ങൾക്കുമുമ്പിൽ മറുപടിയില്ലാതെ പോയ മഞ്ഞക്കുപ്പായക്കാർക്ക് പ്രതിരോധത്തിലും അമ്പേ പിഴച്ചു.
കളിയുടെ ആറാം മിനിറ്റിൽ തന്നെ അർജന്റീന ലീഡ് നേടി. വലതുവിങ്ങിലൂടെ കുതിച്ച് വാലന്റിനോ അക്യുന നൽകിയ ക്രോസിൽ ഇയാൻ സുബിയാബ്രെയുടെ ഷോട്ട് നിലംപറ്റെ വലയിലേക്ക് പാഞ്ഞുകയറി. ഇതിന്റെ അലയൊലികളടങ്ങുംമുമ്പേ രണ്ടു മിനിറ്റിനകം ഗോൾ ഇരട്ടിയായി. ഇക്കുറി എച്ചെവെരിയായിരുന്നു സ്കോറർ. അക്യൂന നൽകിയ പാസിൽ ബോക്സിന്റെ ഓരത്തുനിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ടാണ് ഗോളായി പരിണമിച്ചത്.
കളി 12 മിനിറ്റ് പിന്നിടുമ്പോഴേക്ക് അർജന്റീന മൂന്നാം ഗോളും നേടി. അക്യൂനയും എച്ചെവെരിയും ചേർന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള ബ്രസീൽ ഡിഫൻഡർ ഇഗോർ സെറോറ്റെയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. മത്സരത്തിൽ 20-ാം മിനിറ്റിലാണ് ബ്രസീൽ ആദ്യമായി ഒരു ഷോട്ട് തൊടുക്കുന്നത്. റയാന്റെ ഷോട്ട് പക്ഷേ, ഗോൾവലക്ക് പുറത്തേക്കായിരുന്നു. തുടർന്നും കളിയിൽ നിയന്ത്രണം പിടിച്ച അർജന്റീനക്ക് ഇടവേളക്കുമുമ്പ് കൂടുതൽ ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ മൂന്നു മാറ്റങ്ങളുമായാണ് ബ്രസീൽ കളത്തിലെത്തിയത്. എന്നാൽ, അവരുടെ മോഹങ്ങളൊന്നും മൈതാനത്ത് പച്ചതൊട്ടില്ല. 52-ാം മിനിറ്റിൽ അർജന്റീന നാലാംഗോളും നേടി. ഓസ്റ്റിൻ റോബർട്ടോയായിരുന്നു ഇക്കുറി സ്കോറർ. മൂന്നു മിനിറ്റിനുശേഷം എച്ചെവെരിയുടെ ബൂട്ടിൽനിന്ന് വീണ്ടുമൊരു ഗോൾ. റീബൗണ്ടിൽനിന്നുവന്ന പന്തിനെ ഇക്കുറി ഗോൾവര കടത്തിയത് വലംകാലുകൊണ്ട്.
78-ാം മിനിറ്റിൽ അഗസ്റ്റിൻ ഒബ്രിഗോണിന്റെ ക്രോസിൽ സാൻഡിയാഗോ ഹിഡാൽഗോയുടെ ഹെഡർ വല തുളഞ്ഞുകയറിയതോടെ ബ്രസീലിന്റെ പതനം പൂർണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.