അർജൻറീനയെ അധിക്ഷേപിച്ചാൽ നാടുകടത്തൽ; ഉത്തരവുമായി പ്രസിഡന്റ് ഹാവിയർ മിലെയ്
text_fieldsബ്യൂണസ് അയേഴ്സ്: അർജന്റീനയെയോ അർജന്റീനിയൻ ജനതയെയോ ദേശീയ ചിഹ്നങ്ങളെയോ അധിക്ഷേപിക്കുന്ന വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഹാവിയർ മൈലി. ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോടേറ്റ തോൽവിക്ക് പിന്നാലെ ഉയർന്ന ആഗോള വിമർശനങ്ങളിൽ സഹികെട്ടാണ് മൈലി വിവാദ ഉത്തരവിൽ ഒപ്പുവെച്ചത്.
രാജ്യത്തെയും പൗരന്മാരെയും അധിക്ഷേപിക്കുന്നവർക്ക് അർജന്റീനയിലേക്ക് ഇനി പ്രവേശനമുണ്ടാവില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
ജൂലൈ 19-ന് നടന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനോട് ഒരു ഗോളിന് പരാജയപ്പെട്ടതിന് ശേഷമാണ് സോഷ്യൽ മീഡിയയിലും കായിക ലോകത്തും അർജന്റീനയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. റഫറിമാരിൽ നിന്ന് ടീമിന് വഴിവിട്ട സഹായം ലഭിച്ചെന്ന ആരോപണവും കളിക്കാരുടെ മോശം പെരുമാറ്റവും വംശീയ അധിക്ഷേപങ്ങളും വലിയ തോതിൽ ചർച്ചയായിരുന്നു.
മത്സരശേഷം സ്പെയിൻ താരങ്ങളുമായി അർജന്റീന കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സെമിയിൽ ഇംഗ്ലണ്ടിനെതിരായ ജയത്തിന് ശേഷം ഫോക്ക്‌ലാന്റ് ദ്വീപ് വിഷയത്തിൽ ബാനർ ഉയർത്തിയതും ടീമിന് തിരിച്ചടിയായി.
രാജ്യത്തിനെതിരായ സൈബർ അക്രമങ്ങൾക്ക് പിന്നിൽ ബ്രസീലിലെയും മെക്സിക്കോയിലെയും അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിലെയും ഇടതുപക്ഷ നേതാക്കളാണെന്നാണ് മൈലിയുടെ ആരോപണം. തെളിവുകളില്ലാതെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്കെതിരെ മിലെയ് നടത്തിയ രൂക്ഷവിമർശനങ്ങളെ തുടർന്ന് ബ്രസീൽ തങ്ങളുടെ അംബാസഡറെ ബ്യൂണസ് അയേഴ്സിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായി.
അടിയന്തര ഉത്തരവിലൂടെ നാടുകടത്തൽ ഭീഷണി ഉയർത്തുമ്പോഴും എന്താണ് 'വിദ്വേഷം' എന്ന് കൃത്യമായി നിർവചിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. വിദേശികളുടെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ പരിശോധിച്ചാണോ വിസ റദ്ദാക്കുക എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നു. സ്വേച്ഛാധിപത്യപരമായ ഇത്തരം നീക്കങ്ങൾ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് പ്രതിപക്ഷ എം.പി മാക്സിമിലിയാനോ ഫെറാറോ വിമർശിച്ചു. ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

