അർജന്റീന-ബ്രസീൽ പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം
text_fieldsറിയോ ഡെ ജനീറോ: ഫുട്ബാൾ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ബ്രസീൽ -അർജന്റീന പോരാട്ടം പുരോഗമിക്കുന്നു. ബ്രസീലിലെ വിശ്വപ്രസിദ്ധമായ മാറാക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല.
ലയണൽ മെസ്സി-ഹൂലിയൻ ആൽവാരസ് എന്നിവർ നയിച്ച അർജന്റീനയുടെ മുന്നേറ്റ നിരക്കൊപ്പം മാക് അലിസ്റ്റർ, ഡിപോൾ, എൻസോ ഫെർണാണ്ടസ്, ലോസെൽസോ എന്നിവരാണ് ആദ്യ ഇലവനിൽ അണി നിരന്നത്. അക്യൂന, ഓട്ടമെൻഡി, റെമോരോ, മോളിന എന്നിവർക്കാണ് പ്രതിരോധ ചുമതല. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് വലക്കാക്കുന്നത്.
ഗ്രബ്രീയൽ ജീസസ് നയിക്കുന്ന ബ്രസീൽ മുന്നേറ്റ നിരക്കൊപ്പം റാഫീഞ്ഞ, റോഡ്രിഗോ, മാർട്ടിനല്ലി എന്നിവരാണ് ആദ്യ ഇലവനിൽ പന്തുതട്ടിയത്. ആൻഡ്രേയും ബ്രൂണോ ഗ്വിമാരേസും മിഡ്ഫീൽഡിലും എമേഴ്സൺ, മാർക്കിഞ്ഞോസ്, ഗബ്രീയേൽ മഗൽഹാസ്, കാർലോസ് അഗസ്റ്റോ എന്നിവർ പ്രതിരോധ നിരയിലും അണിനിരന്നു. അലിസൺ ബക്കർ തന്നെയാണ് ബ്രസീൽ വല കാക്കുന്നത്.
അനിഷ്ട സംഭവങ്ങൾ; മത്സരം ആരംഭിച്ചത് അരമണിക്കൂർ വൈകി
ബ്രസീൽ-അർജന്റീന പോരാട്ടം നടക്കുന്ന മാറക്കാന സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ ആരാധകർ ഏറ്റുമുട്ടി. മത്സരം ആരംഭിക്കുന്നതിന് മുൻപ് തുടങ്ങിയ ഗ്യാലറിയിലെ അസ്വാരസ്യങ്ങൾ അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ആരാധകരെ അടിച്ചോടിച്ചു.
കളി ആരംഭിക്കാനായി ഇരു ടീമും ഗ്രൗണ്ടിൽ അണിനിരന്ന സമയത്താണ് ഗ്യാലറിയിൽ ആരാധകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ഇരു ടീം അംഗങ്ങളും ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരാകാൻ നിർദേശിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. അർജന്റീനൻ ടീം ഡ്രസ്സിങ് റൂമിലേക്ക് തന്ന തിരിച്ചുപോയി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ മറക്കാനയിൽ മത്സരം പുനരാരംഭിച്ചു.
ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ബ്രസീൽ - അർജന്റീന പോരാട്ടം. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയന്റ് മാത്രം നേടി അഞ്ചാം സ്ഥാനത്താണ് കാനറികൾ. 12 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് വർഷം നീണ്ട ഇടവേളക്ക് ശേഷം ബ്രസീൽ-അർജന്റീന പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്ബാൾ ലോകം. 2021 നവംബറിൽ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇരു ടീമും അവസാനമായി മുഖാമുഖം വന്നത്. കളി ഗോൾരഹിത സമനിലയിൽ കലാശിച്ചു.

