ഇൻഫാന്റീനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന; രാജി ആവശ്യം ശക്തമാക്കി യുവേഫ
text_fieldsറബാത്ത്: ലോകകപ്പ് ഫുട്ബാൾ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കം വിവാദമായതോടെ കടുത്ത പ്രതിസന്ധിയിലായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്ക്ക് ആശ്വാസമായി അർജന്റീനയുടെ പിന്തുണ. അർജന്റീന ഫുട്ബാൾ ഫെഡറേഷൻ (എ.എഫ്.എ) ഇൻഫാന്റീനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇൻഫന്റീനോയുടെ കീഴിൽ കഴിഞ്ഞ പത്ത് വർഷമായി ഫിഫ നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് അർജന്റീന രംഗത്തെത്തിയത്.
"സുതാര്യവും സുസ്ഥിരവുമായ ഭരണത്തിലൂടെ ലോകമെമ്പാടും ഫുട്ബാളിന്റെ വികസനത്തിന് ഇൻഫന്റീനോ നൽകിയ സംഭാവനകൾ വലുതാണ്. പുതിയ നീക്കം അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചെങ്കിലും, അതിൽ നിന്ന് പിന്മാറാനുള്ള ഫിഫയുടെ തീരുമാനം തെറ്റുതിരുത്തലായി കാണുന്നു. മുൻപോട്ടുള്ള യാത്രയിൽ ഇൻഫാന്റീനോയുടെ നേതൃത്വത്തിന് എ.എഫ്.എയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പൂർണ്ണ പിന്തുണയുണ്ടാകും," അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
അർജന്റീനയ്ക്ക് പുറമെ, മെക്സിക്കോ ഫുട്ബാൾ ഫെഡറേഷനും ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനും ഇൻഫാന്റീനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കേ അമേരിക്കൻ ഫുട്ബാൾ സമിതിയായ കോൺകാകാഫ് ഇൻഫാന്റീനോയ്ക്കെതിരെ തിരിഞ്ഞപ്പോഴും, അവരുടെ കോൺഫെഡറേഷനിലെ പ്രധാന അംഗമായ മെക്സിക്കോ ഫിഫ പ്രസിഡന്റിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 211 അംഗ രാജ്യങ്ങളുടെ വോട്ടെടുപ്പിലൂടെയല്ലാതെ ഇൻഫന്റീനോയെ പുറത്താക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് ദക്ഷിണമേരിക്കൻ ഫുട്ബോൾ സമിതിയായ കോൺമെബോളും വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനത്തോളം പുറത്തുനിന്നുള്ള നിക്ഷേപകർക്ക് വിൽക്കാനുള്ള 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' പദ്ധതിയാണ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എതിർപ്പ് ശക്തമായതോടെ മൊറോക്കോയിലെ റബാത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ ഫിഫ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയും അംഗരാജ്യങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഭരണഘടനാപരമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും, ആശയവിനിമയത്തിലുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഫിഫയുടെ വിശദീകരണം.
ക്ഷമാപണം നടത്തിയെങ്കിലും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ (യുവേഫ) നിലപാട് മയപ്പെടുത്തിയിട്ടില്ല. ഇൻഫന്റീനോയുടെ തീരുമാനങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് യുവേഫയുടെ നീക്കം. കോൺകാകാഫിനും യുവേഫയ്ക്കും ഒപ്പം നിൽക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും വ്യക്തമാക്കി. ഇംഗ്ലണ്ട്, ക്രൊയേഷ്യ, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾ ഇൻഫന്റീനോയ്ക്കുള്ള പിന്തുണ ഇതിനകം പിൻവലിച്ചിട്ടുണ്ട്. ഫിഫയുടെ നീക്കം കടുത്ത അധികാര ദുർവിനിയോഗമാണെന്ന് കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ആരോപിച്ചു.
വരുന്ന മാർച്ചിൽ മൊറോക്കോയിൽ നടക്കുന്ന ഫിഫ കോൺഗ്രസിൽ തുടർച്ചയായ നാലാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന ഇൻഫന്റീനോയ്ക്ക് നിലവിലെ വിവാദങ്ങൾ വലിയ തിരിച്ചടിയാണ്. എതിർ സ്ഥാനാർത്ഥികൾ ഇതുവരെ രംഗത്തുവന്നിട്ടില്ലെങ്കിലും, ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ബോഡികൾക്കിടയിലുള്ള ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

