പരിക്കിന്റെ നെഞ്ചിടിപ്പിൽ ചാമ്പ്യന്മാർ; കനൽവഴികൾ താണ്ടാൻ സ്കലോണിയുടെ മെസ്സിപ്പട
text_fieldsബ്യൂണസ് ഐറിസ്: വിശ്വകിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് അർജന്റീന ബൂട്ടുകെട്ടുമ്പോൾ ആരാധകരുടെ പ്രാർഥന മുഴുവൻ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും ഗോൾവല കാക്കുന്ന 'രക്ഷകൻ' എമിലിയാനോ മാർട്ടിനെസിന്റെയും പരിക്കിന്മേലാണ്. പ്രഖ്യാപിക്കപ്പെട്ട 26 അംഗ അന്തിമ സ്ക്വാഡിൽ ഇരുവരുമുണ്ടെങ്കിലും, ലോകകപ്പ് മത്സരങ്ങൾ തൊട്ടരികിലെത്തി നിൽക്കെ സൂപ്പർ താരങ്ങളുടെ ഫിറ്റ്നസ് ആശങ്കകൾ കോച്ച് ലയണൽ സ്കലോണിയുടെ ഉറക്കം കെടുത്തുന്നുണ്ട്. എങ്കിലും, കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാത്ത ഒരു പോരാട്ടവീര്യവുമായാണ് ലാറ്റിനമേരിക്കൻ കരുത്തർ ഇക്കുറി വണ്ടികയറുന്നത്.
വീണ്ടുമൊരു മെസ്സി മാജിക്?
കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോളുകളോടെ കിരീടവും ഗോൾഡൻ ബോളും സ്വന്തമാക്കിയ മെസ്സി, തന്റെ ആറാം ലോകകപ്പിലാണ് ഇക്കുറി ചരിത്രമെഴുതാൻ ഇറങ്ങുന്നത്. മുന്നേറ്റനിരയെ മെസ്സി നയിക്കുമ്പോൾ തുണയായി ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. ഒപ്പം തിയാഗോ അൽമാഡ, നികോ പാസ് തുടങ്ങിയ യുവരക്തങ്ങളും ചേരുന്നതോടെ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടും. എന്നാൽ, അനുഭവസമ്പന്നനായ പൗലോ ഡിബാലയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
പവർഫുൾ മധ്യനിര
അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ മധ്യനിര തന്നെയാണ്. കഴിഞ്ഞ തവണ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പാരഡെസ് എന്നിവർക്കൊപ്പം യുവതാരം വാലന്റീൻ ബാർകോയെയും സ്ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ റയൽ മഡ്രിഡിന്റെ കൗമാര വിസ്മയം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് ഇടം കിട്ടാത്തത് ടീമിലെ കടുത്ത മത്സരത്തിന്റെ സൂചനയാണ്.
പ്രതിരോധക്കോട്ട കാക്കാൻ ഒട്ടാമെൻഡിയും കൂട്ടരും
ക്രിസ്റ്റിയൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ നയിക്കുന്ന പ്രതിരോധനിര ഇക്കുറിയും ശക്തമാണ്. ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ തന്നെയാകും ഒന്നാം നമ്പർ. ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ എന്നിവരാണ് ബാക്കപ്പ് കീപ്പർമാർ.
ഗ്രൂപ്പ് പോരാട്ടങ്ങൾ
അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് 'ജെ'യിലാണ് നിലവിലെ ചാമ്പ്യന്മാർ മാറ്റുരയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ ഗ്രൂപ്പ് എളുപ്പമെന്ന് തോന്നാമെങ്കിലും, ലോകകപ്പിലെ അപ്രതീക്ഷിത അട്ടിമറികളെ ചെറുത്തുതോൽപ്പിക്കാൻ സ്കലോണിക്കും സംഘത്തിനും തന്ത്രങ്ങൾ ഏറെ മെനയേണ്ടി വരും.
ലോകകപ്പിനുള്ള അർജന്റീന സംഘം:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ.
പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന.
മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.
മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

