‘വൻ സന്നാഹ’വുമായി അർജന്റീന, ബ്രസീൽ
text_fieldsഗോൾ ആഘോഷിക്കുന്ന അർജന്റീന താരം ലയണൽ മെസ്സി
ബ്വേനസ് എയ്റിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയയെ തരിപ്പണമാക്കി അർജന്റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മെസ്സിയും സംഘവും ജയിച്ചത്. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ മുൻ ചാമ്പ്യന്മാരായ ബ്രസീൽ 3-1നും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടമില്ലാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനക്കായി മുഴുവൻ സമയവും കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. 43ാം മിനിറ്റിലായിരുന്നു ഗോൾ.
ജൂലിയൻ അൽവാരസ്, അലക്സിസ് മക് അലിസ്റ്റർ ഉൾപ്പെടെയുള്ള താരങ്ങളും ലോക ചാമ്പ്യന്മാരുടെ ആദ്യ ഇലവനിലുണ്ടായിരുന്നു. നാലാം മിനിറ്റിൽതന്നെ അൽവാരസിലൂടെ അർജന്റീന ലീഡെടുത്തു. തിയാഗോ അൽമാഡയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്കു പിരിയാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ മക് അലിസ്റ്ററുടെ അസിസ്റ്റിൽ മെസ്സി ലീഡ് ഇരട്ടിയാക്കി. രണ്ടു ഗോളിന്റെ ലീഡുണ്ടായിട്ടും മാറ്റങ്ങളില്ലാതെയാണ് സ്കലോണി ഇടവേളക്കുശേഷവും ടീമിനെ കളത്തിലിറക്കിയത്. 50ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒട്ടമെൻഡി ലക്ഷ്യത്തിലെത്തിച്ചു. 68ാം മിനിറ്റിൽ സാംബിയയുടെ ഡൊമിനിക് ചാന്ദയുടെ വക ഒരു സെൽഫ് ഗോളെത്തി. ഇൻജുറി സമയത്ത് (90+4) പകരക്കാരൻ വാലെന്റിൻ ബാർകോ ഗോൾ പട്ടിക പൂർത്തിയാക്കി.
ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ഡാനിലോ (45+2), ഇഗോർ തിയാഗോ (88, പെനാൽറ്റി), ഗബ്രിയേൽ മാർട്ടിനെല്ലി (90+2) എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ലോവ്രോ മജേറിന്റെ (84) വകയായിരുന്ന ക്രൊയേഷ്യയുടെ ആശ്വാസ ഗോൾ. ഫ്രഞ്ചുകാർക്കെതിരെ മത്സരത്തിൽനിന്ന് വ്യത്യസ്തമായി പന്തടക്കത്തിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബ്രസീലുകാർ മുന്നിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

