അറേബ്യൻ ഗൾഫ് കപ്പ്; ഫൈനലിലേക്ക് കണ്ണുനട്ട് ഖത്തർ ഇന്ന് കളത്തിൽ
text_fieldsഖത്തർ കോച്ച് ബ്രൂണോ പിനീറോ സെമിഫൈനലിന് മുന്നോടിയായ വാർത്തസമ്മേളനത്തിൽ, ഖത്തർ വിങ് ബാക്ക് ഹമാം അൽ അമീൻ വാർത്തസമ്മേളനത്തിൽ
ദോഹ: അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിഫൈനലിൽ ആതിഥേയരായ ഇറാഖിനെതിരെ ഖത്തറിന്റെ യുവനിര ഇന്ന് കളത്തിലിറങ്ങുന്നു. ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണക്കു കീഴെ കളിക്കാനിറങ്ങുന്ന ഇറാഖിനെതിരെ ജയം നേടാൻ ഖത്തറിന്റെ പുതുനിര നന്നായി വിയർപ്പൊഴുക്കേണ്ടിവരും. ബസ്റയിൽ തിങ്കളാഴ്ച വൈകീട്ട് 4.15നാണ് ഇരുടീമും ആദ്യ സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. തിങ്കളാഴ്ച രാത്രി 8.15ന് നടക്കുന്ന രണ്ടാം സെമിയിൽ ബഹ്റൈനും ഒമാനും ഏറ്റുമുട്ടും.
ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരായാണ് ഖത്തർ സെമിഫൈനലിലേക്ക് മുന്നേറിയത്. അവസാന ഗ്രൂപ് മത്സരത്തിൽ യു.എ.ഇക്കെതിരെ തമീം മൻസൂർ 88ാം മിനിറ്റിൽ നേടിയ ഗോളിൽ 1-1ന് ആവേശസമനില നേടിയായിരുന്നു അവസാന നാലിലേക്കുള്ള പ്രവേശനം.
കുവൈത്തിനെ ആദ്യകളിയിൽ 2-0ത്തിന് തോൽപിച്ച ഖത്തർ ബഹ്റൈനെതിരെ 2-1ന് തോൽവി വഴങ്ങുകയായിരുന്നു. ഒടുവിൽ യു.എ.ഇക്കെതിരായ സമനിലയോടെ, നാലുപോയന്റുമായി ഗോൾശരാശരിയുടെ പിൻബലത്തിൽ കുവൈത്തിനെ കഷ്ടിച്ച് മറികടന്നാണ് സെമിയിലെത്തിയത്. അതേസമയം, ഗ്രൂപ് എ യിൽനിന്ന് മൂന്നുകളികളിൽ രണ്ടുജയവും ഒരു സമനിലയുമായി ഏഴു പോയന്റുമായി ഗ്രൂപ് ജേതാക്കളായാണ് ഇറാഖ് മുന്നേറിയത്. ഒമാനോട് ഗോൾരഹിത സമനില വഴങ്ങിയ ആതിഥേയർ, സൗദി അറേബ്യയെ 2-0ത്തിനും അവസാന കളിയിൽ യമനെ 5-0നും തകർത്താണ് കരുത്തുകാട്ടിയത്.
അയ്മൻ ഹുസൈൻ, മുസ്തഫ നദീം, ഇബ്രാഹിം ബായേഷ്, അഹോ റുസ്തം, അംജദ് അത്‍വാൻ, ഹുസൈൻ അലി അൽ സഈദി എന്നിവരടങ്ങിയ മികച്ച താരനിരയാണ് ഇറാഖിന്റെ കരുത്ത്. ഒമാനെതിരെ അയ്മൻ രണ്ടു മിനിറ്റിനിടെ, രണ്ടു ഗോൾ നേടി മിടുക്കുകാട്ടിയിരുന്നു. മൂർച്ചയുള്ള ആതിഥേയ മുൻനിരയെ ഖത്തരി പ്രതിരോധം ഏതുവിധം പിടിച്ചുകെട്ടുമെന്നതാകും മത്സരത്തിന്റെ വിധി നിർണയിക്കുന്നത്.
ലോകകപ്പ് ഫുട്ബാളിൽ മൂന്നുഗ്രൂപ് മത്സരങ്ങളും തോറ്റ് സ്വന്തം മണ്ണിൽ നിരാശജനകമായ പ്രകടനം കാഴ്ചവെച്ച ഖത്തറിന് ഗൾഫ് കപ്പിൽ യുവതാരങ്ങളടങ്ങിയ ടീമുമായി കലാശപ്പോരാട്ടത്തിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ അത് അഭിമാനകരമായ നേട്ടമാകും. ടീമിന്റെ ഉന്നവും അതുതന്നെയാണ്. ലോകകപ്പിലെ തിരിച്ചടിയെ തുടർന്ന് പ്രമുഖ കളിക്കാർക്ക് വിശ്രമം നൽകിയ ഖത്തർ, യുവതാരങ്ങൾക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് ബസ്റയിൽ കളത്തിലിറക്കുന്നത്. യു.എ.ഇക്കെതിരെ സമനില ഗോൾ നേടി കരുത്തുകാട്ടിയ കുവൈത്തിനും ബഹ്റൈനുമെതിരെ ഗോൾനേടിയ സ്ട്രൈക്കർ അഹ്മദ് അലാ അൽദീൻ, കുവൈത്തിനെതിരെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ അംറോ സിറാജ് എന്നിവർ, തമീം മൻസൂർ, അലി അസദുല്ല എന്നിവരാണ് മുന്നേറ്റം നയിക്കുന്നത്.
യു.എ.ഇക്കെതിരായ കളിയിൽ അഹ്മദ് അലാ പരിക്കേറ്റ് കളം വിട്ടത് ഖത്തറിന്റെ ആക്രമണ നീക്കങ്ങളെ ബാധിച്ചിരുന്നു. 60ഓളം മത്സരങ്ങളിൽ ഖത്തറിന്റെ കുപ്പായമിട്ട പരിചയ സമ്പന്നനായ താരം, സെമിയിൽ കളിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിന്റെ മുൻ വിഖ്യാത താരം മൻസൂർ മുഫ്തയുടെ മകനായ തമീം മൻസൂറിൽ ഖത്തർ പുതിയ ഹീറോയെ സ്വപ്നം കാണുന്നുണ്ട്. ‘ടൂർണമെന്റ് ജയിച്ച് ട്രോഫിയുമായി ദോഹയിൽ തിരിച്ചെത്തുന്നതാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. ആതിഥേയ ടീം ശക്തമായ വെല്ലുവിളി ഉയർത്തുമെങ്കിലും ഇറാഖിനെതിരെ നന്നായി ഒരുങ്ങിത്തന്നെയാവും ഞങ്ങൾ കളത്തിലിറങ്ങുക’ -യു.എ.ഇക്കെതിരായ മത്സരശേഷം തമീം മൻസൂർ പറഞ്ഞു.
മിഡ്ഫീൽഡിൽ മുഹമ്മദ് വാദും അസീം മദിബോയുമാണ് ഖത്തറിനായി കരുനീക്കങ്ങൾ മെനയുന്നത്. ഇസ്മയിൽ മുഹമ്മദ്, ജാസിം അബ്ദുൽസലാം, താരിക് സൽമാൻ, ഹമാം അൽ അമീൻ എന്നിവർ നയിക്കുന്ന പ്രതിരോധത്തിന് ഇന്ന് ജോലിഭാരം കൂടുമെന്നുറപ്പാണ്.‘ഗൾഫ് കപ്പിൽ ഇറാഖിനെതിരായ സെമിഫൈനലിനായി തയാറെടുത്തിരിക്കുന്ന ടീം ഏറെ ആത്മവിശ്വാസത്തിലാണ്. കളത്തിൽ എല്ലാം സമർപ്പിച്ച് ഞങ്ങൾ പോരാടും.
സാഹചര്യങ്ങൾ എന്തുമായിക്കോട്ടെ, എനിക്കെന്റെ കളിക്കാരിൽ വിശ്വാസമുണ്ട്’ -ഖത്തർ കോച്ച് ബ്രൂണോ പിനീറോ സെമിഫൈനലിന് മുന്നോടിയായ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജയിച്ച് ഫൈനലിലെത്താൻ കഴിവിന്റെ പരമാവധി മികവ് പുറത്തെടുക്കുമെന്ന് വിങ് ബാക്ക് ഹമാം അൽ അമീൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ‘മത്സരം എളുപ്പമാകില്ല. നിറഞ്ഞ കാണികളുടെ പിന്തുണയിൽ കളിക്കുന്ന ആതിഥേയർക്കെതിരെയാകുമ്പോൾ പ്രത്യേകിച്ചും. എങ്കിലും ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കുമെന്ന് ടീമിനെ പിന്തുണക്കുന്നവർക്ക് ഉറപ്പുനൽകുന്നു’ -അൽ അമീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

