അറേബ്യൻ ഗൾഫ് കപ്പ്: ഖത്തർ ഇന്ന് ബഹ്റൈനെതിരെ
text_fieldsകുവൈത്തിനെതിരായ ആദ്യമത്സരത്തിനുമുമ്പ് ഫോട്ടോക്ക് പോസ് ചെയ്ത ഖത്തർ ടീം
ദോഹ: ഇറാഖിലെ ബസറയിൽ നടക്കുന്ന 25ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ഗ്രൂപ് ‘ബി’യിലെ രണ്ടാം മത്സരത്തിൽ ഖത്തർ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെ നേരിടും. ആദ്യ മത്സരത്തിൽ അന്നാബികൾ കുവൈത്തിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്നു.
ഖത്തറിന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തിൽ സംതൃപ്തനാണെന്നും കുവൈത്തിനെതിരായ വിജയം ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ യുവതാരങ്ങളടങ്ങിയ ടീമിന് വലിയ പ്രചോദനം പകരുമെന്നും ഖത്തർ പരിശീലകൻ ബ്രൂണോ പിനീറോ പറഞ്ഞു. ഗ്രൂപ് ‘ബി’യിൽ ആദ്യ മത്സരം ജയിച്ചതോടെ ബഹ്റൈനും ഖത്തറിനും മൂന്നു പോയന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഖത്തറാണ് മുന്നിൽ. കരുത്തരായ യു.എ.ഇക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബഹ്റൈന്റെ ജയം.
കുവൈത്തിനെതിരായ ആദ്യ മത്സരത്തിൽ അരങ്ങേറ്റക്കാരൻ അംറ് സിറാജിന്റെ ഗോളിലാണ് ഖത്തർ മുന്നിലെത്തിയത്. ഖത്തറിന്റെയും അൽ റയ്യാൻ ക്ലബിന്റെയും വിഖ്യാത താരമായിരുന്ന മൻസൂർ അൽ മുഫ്തയുടെ മകൻ തമീം മൻസൂറും കുവൈത്തിനെതിരെ ഖത്തറിന് വേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയിരുന്നു. ‘ആദ്യ മത്സരത്തിലെ വിജയം ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. മത്സരവിജയം താരങ്ങളിൽ പ്രത്യേകിച്ച് യുവാക്കളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അവരിൽ പലരും ആദ്യമായി ഗൾഫ് കപ്പിൽ പങ്കെടുക്കുന്നവരാണ്. അനുഭവസമ്പത്ത് നേടുന്നതിന് കളിക്കാർക്ക് ഇത്തരം ശക്തമായ മത്സരങ്ങൾ അനിവാര്യമാണ്’-പിനീറോ പറഞ്ഞു. ബഹ്റൈനെതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലാണ് ടീമിന്റെ ശ്രദ്ധ. കഠിനാധ്വാനം തുടരുമെന്നും ഗ്രൂപ്പിലെ മുഴുവൻ പോയന്റുകളും നേടുകയാണ് ലക്ഷ്യമെന്നും പിനീറോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

